അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്‌ടർ  ജനറൽ  ഒഫ്  പ്രോസിക്യൂഷൻ

Tuesday 23 January 2024 2:37 PM IST

കൊല്ലം: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ. രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഹൈക്കോടതിയിലെ ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി എ ഷാജി വസ്‌തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹെഡ് ക്വാർട്ടറിലെ ഡെപ്യൂട്ടി ഡയറക്‌ടർ ഒഫ് പ്രോസിക്യൂഷനാണ് നിർദേശം നൽകിയിരിക്കുന്നത്. തൊഴിൽ സ്ഥലത്ത് മാനസിക പീഡനത്തിന് പുറമേ അനീഷ്യ ഭീഷണിയും നേരിട്ടിരുന്നതായി വിവരമുണ്ട്. സ്ഥലംമാറ്റുമെന്ന് ഭീഷണി നേരിട്ടിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.

അനീഷ്യ ആത്മഹത്യ ചെയ്‌തതിന് മുമ്പുള്ളതെന്ന് കരുതുന്ന ശബ്‌ദരേഖ പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സമ്മർദം നേരിടുന്നതായാണ് ഇതിൽ പറയുന്നത്. വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്‌ദ സന്ദേശങ്ങളാണ് പുറത്തായത്. തെളിവുകളെല്ലാം എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ അനീഷ്യ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് അനീഷ്യയെ വീട്ടിലെ കുളിമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പരവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.