ഭാരത് ജോഡോ ന്യായ് യാത്രയിൽ സംഘർഷം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് അസം മുഖ്യമന്ത്രി

Tuesday 23 January 2024 3:35 PM IST

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചതിന് പിന്നാലെ പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ നഗരത്തിന് പുറത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കോൺഗ്രസ് പ്രവർത്തകർ തകർത്തു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. എന്നാൽ തങ്ങൾ നിയമം ലംഘിച്ച് ഒന്നും ചെയ്യില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

അസമിലെ ജോരാബാദിൽ നിന്നാണ് ഇന്ന് യാത്ര പുനരാരംഭിച്ചത്. ഗുവാഹത്തി നഗരത്തിലൂടെ മുൻ നിശ്ചയിച്ച റൂട്ടുകളിലൂടെയുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാൽ സംഘർഷ സാദ്ധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപ്പാസിലൂടെയാണ് യാത്ര നീങ്ങിയത്. എന്നാൽ നഗരത്തിന്റെ പ്രവേശന കവാടമായ ഖനപരയിൽ കനത്ത സുരക്ഷയാണ് അസം പൊലീസ് ഏർപ്പെടുത്തിയത്. ഇതിന് വേണ്ടി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ തകർക്കുകയായിരുന്നു. അയ്യാരിരത്തോളം കോൺഗ്രസ് പ്രവർത്തകരാണ് രാഹുലിനൊപ്പം ഉണ്ടായിരുന്നത്.

ജനങ്ങളെ പ്രകോപിപ്പിച്ച് ഇളക്കി വിട്ടതിന് പിന്നാലെ നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം പൊലീസ് മേധാവിയോട് നിർദ്ദേശിച്ചെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്സിൽ കുറിച്ചത്. തെളിവായി നിങ്ങളുടെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement