ശബരിമല തീർത്ഥാടനം ഓർമ്മിപ്പിക്കുന്നത്

Wednesday 24 January 2024 12:09 AM IST

വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട തീർത്ഥാടന കാലമാണ് കടന്നുപോയത്. മാസ പൂജാവേളയിലെ അഞ്ച് ദിവസവും ഉത്സവ നാളുകളിലും തീർത്ഥാടന കാലത്തും മാത്രം തുറക്കുന്ന ശബരിമലയോളം പ്രത്യേകതകളുള്ള ക്ഷേത്രമില്ലെന്നു പറയാം. മലമുകളിലെ അയ്യനെ കണ്ട് ദർശന സായൂജ്യം തേടിയുള്ള തീർത്ഥാടനം പരിസ്ഥിതി സൗഹൃദത്തിന്റേതു കൂടിയാണ്. വന സംരക്ഷണത്തിനും വന്യജീവികളുടെ സ്വൈരവിഹാരത്തിനും വലിയ പ്രധാന്യം കൽപ്പിക്കുന്ന മേഖലയാണ് ശബരിമല.

കേരളത്തിന് പുറമേ ആന്ധ്ര, തമിഴ്നാട്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നാണ് തീർത്ഥാടകർ കൂടുതലായി എത്തുന്നത്. ദീർഘയാത്ര ചെയ്തെത്തുന്ന ഭക്തർ തൊഴുത് വഴിപാടികൾ നടത്തി മടങ്ങുന്ന സംവിധാനമാണെങ്കിലും ചില ദിവസങ്ങളിൽ തിരക്ക് അനിയന്ത്രിതമായി കൂടുകയും വിലയ തോതിൽ കുറയുകയും ചെയ്യും. മണ്ഡലപൂജാ ദിവസത്തോട് അടുക്കുമ്പോഴും മകരവിളക്ക് ഉത്സവ ദിവസങ്ങളിലുമാണ് ഭക്തജന തിരക്ക് ക്രമാതീതമാകുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡാണ് തീർത്ഥാടനത്തിന്റെ നടത്തിപ്പുകാരെങ്കിലും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടു കൂടിയേ ശബരിമല തീർത്ഥാടനം പൂർണ വിജയത്തിലെത്തുകയുള്ളൂ. ഇത്തവണയും വകുപ്പുകപ്പൾ സജീവമായിരുന്നു. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തീർത്ഥാടനം സുഗമമായി നടത്തുന്നതിന് മേൽനോട്ടം വഹിച്ചു. പല ദിവസങ്ങളിലായി ദേവസ്വം മന്ത്രി സന്നിധാനത്ത് എത്തി അവലോകന യോഗങ്ങൾ നടത്തി. ഇക്കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചത്.

തിരക്ക് ഒഴിവാക്കാൻ

ഭക്തരെ തടയണോ?

ദർശനത്തിന് എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും അല്ലലില്ലാതെ അയ്യപ്പനെ കണ്ടു മടങ്ങാൻ അവസരം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് തീർത്ഥാടനം സുഗമമാകുന്നത്. എന്നാൽ, ഇത്തവണ തീർത്ഥാടനം കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിഞ്ഞില്ലെന്ന് ആക്ഷേപമുയർന്നു. തിരക്ക് നിയന്ത്രണത്തിലെയും അപ്പം, അരവണ വിതരണത്തിലെയും പാളിച്ച വിമർശനങ്ങൾക്ക് ഇടവരുത്തി. മണ്ഡല ഉത്സവകാലത്ത് ചില ദിവസങ്ങളിലുണ്ടായ വൻ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസും ദേവസ്വം ബോർഡും പരാജയപ്പെട്ടു.

അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ തീർത്ഥാടകർ പതിനഞ്ച് മുതൽ ഇരുപത് മണിക്കൂർ വരെ റോഡിലെ ക്യൂവിൽ കിടക്കേണ്ടി വന്ന സാഹചര്യം ഇത്തവണയുണ്ടായി. കുടിവെള്ളവും ഭക്ഷണവുമില്ലാതെ വനത്തിനു നടുവിൽ റോഡിൽ കഴിയേണ്ടി വന്നത് തീർത്ഥാടകർക്ക് വലിയ ദുരിതമായി. അവർ പരാതിപ്പെട്ടെങ്കിലും കേൾക്കാനും നടപടിയെടുക്കാനും ആരുമുണ്ടായില്ല. ശബരിമല തീർത്ഥാടനം ദിവസങ്ങളായി വ്രതം നോക്കിയുള്ള ത്യാഗത്തിന്റെയും സഹനത്തിന്റെയും പര്യവസാനമാണ്. അതുകൊണ്ട് ഭക്തർ എന്തു ദുരിതവും സഹിച്ചുകൊള്ളണമെന്ന നിലപാടിൽ ദേവസ്വം ബോർഡും സർക്കാരും അവരുടെ ദുരിതങ്ങൾ മറന്നു.

തങ്ങളുടെ നാട്ടിൽ നിന്ന് എത്തുന്ന ഭക്തർക്ക് ആവ്യശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകണമെന്ന ആവശ്യവുമായി തമിഴ്നാട്, ആന്ധ്ര, തെലുങ്കാന സർക്കാരുകൾ കേരള സർക്കാരിന് കത്തയക്കേണ്ടി വന്നു. ദർശനത്തിന് മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ പൊലീസ് സ്വീകരിച്ച മാർഗം വെർച്വൽ ക്യൂവിലൂടെയും സ്പോട്ട് ബുക്കിംഗിലൂടെയും എത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറയ്ക്കുകയെന്നതാണ്. വെർച്വൽ ക്യൂ ബുക്കിംഗിന്റെ ചുമതലയുള്ള ദേവസ്വം ബോർഡിന് പൊലീസിന്റെ ആവശ്യം പരിഗണിച്ച് തീർത്ഥാടകരുടെ എണ്ണം കുറയ്ക്കേണ്ടി വന്നു.

മണ്ഡല ഉത്സവകാലത്ത് ഈ നിയന്ത്രണം നടപ്പാക്കിയത് പൊലീസിനും സർക്കാരിനും ആശ്വാസമായി. സാധാരണ ഇരുപത്തിയൊന്നു ദിവസം നട തുറന്നിരിക്കുന്ന മകരവിളക്ക് ഉത്സവകാലത്താണ് ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെ‌ടുക. മകരപ്പൊങ്കൽ തമിഴ്നാടിന്റെ ഉത്സവമായതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ കൂടുതലായി ശബരിമലയിലെത്തും. സന്നിധാനത്തും പരിസരത്തുമായി പർണശാല കെട്ടി മൂന്നോ നാലോ ദിവസങ്ങൾ തങ്ങിയാണ് മകരജ്യോതി തൊഴുത് ഭക്തർ മലയിറങ്ങുന്നത്. ഇത്തവണ മകരവിളക്കിന് തിരക്ക് കൂടുമെന്ന് മുൻ കൂട്ടി കണ്ട പൊലീസും ദേവസ്വം ബോർഡും വെർച്വൽ ക്യു ബുക്കിംഗ് നാൽപ്പതിനായിരമായി കുറച്ചു. സ്പോട്ട് ബുക്കിംഗ് നിറുത്തിവയ്ക്കുകയും ചെയ്തു.

സാധാരണ തീർത്ഥാടന ദിവസങ്ങളിൽ അനുവദിക്കുന്നതിന്റെ പകുതിയാണ് വെർച്വൽ ക്യൂവിൽ അനുവദിച്ചത്. സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കാൻ ഭക്തർ എത്താതിരിക്കുക എന്ന അശാസ്ത്രീയവും അസാധാരണവും അത്ഭുതകരവുമായ തന്ത്രമാണ് പൊലീസും ദേവസ്വം ബോർഡും സ്വീകരിച്ചത്. ഭക്തർക്ക് ദർശനം വിലക്കിക്കൊണ്ടുള്ള തിരക്ക് നിയന്ത്രണം ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരക്ക് നിയന്ത്രണം പാളിയപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുളള തീർത്ഥാടകർക്ക് ശബരിമലയിലേക്ക് എത്താനാകാതെ തിരിച്ചു പോയ സംഭവങ്ങളുണ്ടായി. മകരവിളക്കിന് ഭക്തർ വരേണ്ടെന്ന നിലപാടാണ് വെർച്വൽ ക്യൂ പകുതിയിൽ താഴെയാക്കിയത് സൂചിപ്പിക്കുന്നതെന്ന് ഭക്തജന സംഘടനകൾ ആരോപിച്ചു. മകരജ്യോതി കാണാൻ സന്നിധാനത്തിന് സമീപം ദിവസങ്ങൾക്ക് മുൻപ് പർണശാല കെട്ടി തങ്ങിയവരെ തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പനെ കണ്ടു തൊഴാൻ അനുവദിക്കാതെ മലയിറക്കി വിട്ടുവെന്നും പരാതികളുയർന്നു.

നിയന്ത്രണത്തിന് പുതിയ

മാർഗങ്ങൾ വേണം

ശബരിമലയിലേക്ക് വരുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ കണ്ട് തൊഴുത് മടങ്ങുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ തേടണമെന്ന് ആവശ്യമുയർന്നിട്ട് കാലമേറെയായി. തീർത്ഥാടകരെ വടം കെട്ടി തടഞ്ഞും കൂട്ടത്തോടെ തുറന്നുവിട്ടും തള്ളിക്കയറ്റിയും വിടുന്നത് പ്രാകൃതമായ തിരക്ക് നിയന്ത്രണ സംവിധാനമാണെന്ന് ആക്ഷേപമുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ വികസിച്ച കാലത്ത് ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നതിന് വിദഗ്ദ്ധ സംഘത്തെയും പ്രൊഫഷണനുകളെയും നിയോഗിക്കുകയാണ് വേണ്ടത്. ഇതിന് ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലെ ഭക്തജന നിയന്ത്രണത്തെക്കുറിച്ചും പഠിക്കേണ്ടതുണ്ട്.

മാതൃകയാക്കാനിരുന്ന തിരുപ്പതി മോഡൽ ദർശനം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. ശബരിമലയിൽ ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഓരോ തീർത്ഥാടന കാലത്തും വിപുലപ്പെടുത്താറുണ്ട്. പക്ഷേ, കാലപ്പഴക്കമേറിയ തിരക്ക് നിയന്ത്രണം സംവിധാനത്തിന് മാത്രം മാറ്റമില്ല. ഈ തീർത്ഥാടനത്തിലെ വീഴ്ചയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ തിരക്ക് നിയന്ത്രണം വെല്ലുവിളിയായി തുടരും.

Advertisement
Advertisement