പാളയം കണ്ണിമേറ മാർക്കറ്റ് ; രണ്ട് പുനരധിവാസ ബ്ലോക്കുകൾ റെഡി

Tuesday 23 January 2024 9:05 PM IST

 ഫെബ്രുവരി ആദ്യം കച്ചവടക്കാരെ മാറ്റും

തിരുവനന്തപുരം: പാളയം കണ്ണിമേറ മാർക്കറ്റിന്റെ നവീകരണത്തിന് മുന്നോടിയായി കച്ചവടക്കാരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതിനുള്ള രണ്ട് ബ്ലോക്കുകളുടെ നിർമ്മാണം പൂർത്തിയായി. അവേശിഷിക്കുന്ന ഒരു ബ്ലോക്കിൽ കടകൾ തമ്മിൽ വേർതിരിക്കുന്ന ജോലികളാണ് നടക്കുന്നത്. ഈ ജോലികൾ ഒരാഴ്ച കൊണ്ട് പൂർത്തിയാക്കി അടുത്ത മാസം ആദ്യം കച്ചവടക്കാരെ ബ്ളോക്കുകളിലേക്ക് മാറ്റും.

മാർക്കറ്റിന് പിന്നിൽ ട്രിഡയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 5990 ചതുരശ്ര അടിയിൽ നിർമ്മിച്ച മൂന്ന് ബ്ലോക്കുകളിലായി 334ഓളം കച്ചവടക്കാർക്കാണ് സൗകര്യം. ഒന്നാമത്തെ ബ്ലോക്കിൽ 205 കടകളും രണ്ടാമത്തെ ബ്ലോക്കിൽ 95 കടകളും നഗരസഭയുടേതാണ്. രണ്ടാമത്തെ ബ്ളോക്കിൽ ട്രിഡയ്‌ക്ക് 11 കടകളുണ്ട്. മൂന്നാമത്തെ ബ്ലോക്കിൽ ട്രിഡയുടെ 33 കടകളും മത്സ്യസ്റ്റാളുകളും നിർമ്മിച്ചിട്ടുണ്ട്. ആർ.ഡി.എസ് പ്രോജക്ടും രാം രത്ന ഇൻഫ്രാസ്ട്രക്ചറുമാണ് 16 കോടി രൂപ ചെലവിട്ടുള്ള നിർമ്മാണത്തിന്റെ കരാറുകാർ.

കച്ചവടക്കാരുടെ ലിസ്റ്റിൽ അവ്യക്തത

ബ്ളോക്കിലേക്ക് മാറ്റുന്ന കച്ചവടക്കാരുടെ ലിസ്റ്റിൽ നഗരസഭയ്ക്കും അവ്യക്തതയുണ്ട്. കൃത്യമായ ലിസ്റ്റ് തയ്യാറാക്കുന്നതിൽ നഗരസഭയ്ക്ക് വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. നിലവിലെ ലിസ്റ്റിൽ പാളയം മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന പല കച്ചവടക്കാരെയും ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. ട്രിഡ ഭൂമിയായതുകൊണ്ട് ട്രിഡയുടെ നേതൃത്വത്തിൽ കച്ചവടക്കാരുമായി ഒരുവട്ടം ചർച്ച കൂടി നടത്തും.

മാർക്കറ്റ് നവീകരണം നീളും

നഗരസഭ ഭരണസമിതിയുടെ രാഷ്ട്രീയ ചരടുവലിയിൽ നിലച്ചിരുന്ന പാളയം കണ്ണിമേറ മാർക്കറ്റ് നിർമ്മാണം ഇനിയും നീളും. കച്ചവടക്കാരുടെ പുനരധിവാസം പൂർത്തിയാക്കിയ ശേഷമേ നിർമ്മാണം ആരംഭിക്കൂ. ഈ സാഹചര്യത്തിൽ നിർമ്മാണം ഏപ്രിലിലേ തുടങ്ങാനാകൂ. അത്യാധുനിക ജൈവ മാലിന്യസംസ്‌കരണ യൂണിറ്റടക്കം 113 കോടി രൂപ ചെലവുള്ള പദ്ധതിയാണ് സ്‌മാർട്ട് സിറ്റി വഴി നടത്തുന്നത്. നിലവിലെ മാർക്കറ്റ് പൂർണമായും ഒഴിവാക്കി വിശാലമായ നാലു നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുക. മാർക്കറ്റിൽ ഇപ്പോഴുള്ള കച്ചവടക്കാർക്കുള്ള സൗകര്യങ്ങൾ ഏറ്റവും താഴത്തെ നിലയിൽ തന്നെയാകും. മീൻ,ഇറച്ചി മാർക്കറ്റുകൾക്ക് താഴത്തെ നിലയിൽ ശീതീകരണ സംവിധാനമടക്കമുള്ള സ്ഥലമൊരുക്കും. ഇതിന് പ്രത്യേക ഘടനയിലുള്ള സ്റ്റാളുകൾ തയ്യാറാക്കും. വൈദ്യുതി ചാർജിംഗ് പോയിന്റ്, പൈപ്പ് കണക്ഷൻ എന്നിവ ഓരോ സ്റ്റാളിലുമുണ്ടാകും.

Advertisement
Advertisement