ഹൂതികളെ വീണ്ടും ആക്രമിച്ച് യു എസും യു കെയും
വാഷിങ്ടൺ: യമനിൽ ഹൂതികൾക്ക് നേരെ വീണ്ടും ആക്രമണവുമായി യു.എസും യു.കെയും. തെക്കൻ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം തുടരുന്നതിനിടെയാണ് യു.എസിന്റേയും യു.കെയുടെയും നടപടി. എട്ട് ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് യു.എസ് വ്യോമസേനാ വക്താവ് അറിയിച്ചു. ആക്രമണം സംബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.ചെങ്കടൽ സുരക്ഷിതമാകും വരെ ആക്രമണം തുടരുമെന്ന് യു.എസ് അറിയിച്ചു. ആസ്ട്രേലിയ, കാനഡ, ബഹറൈൻ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു ആക്രമണം. 10 ദിവസങ്ങൾക്ക് മുമ്പ് യെമനിലെ 70ഓളം ഹൂതി കേന്ദ്രങ്ങളിൽ യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. അതേസമയം, ഇന്നത്തെ ആക്രമണത്തിലെ ആർക്കെങ്കിലും ജീവൻ നഷ്ടമായോ എന്നതിൽ യു.എസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ആഴ്ച ചെങ്കടലിൽ ഒരു അമേരിക്കൻ കപ്പലിന് നേരെ ഹൂതികൾ ആക്രമണ ശ്രമം നടത്തിയിരുന്നു. യു.എസ് കേന്ദ്രമായുള്ള ഈഗിൾ ബൾക്ക് എന്ന കമ്പനിയുടെ ജിബ്രാൾട്ടർ ഈഗിൾ എന്ന പേരിലുള്ള ചരക്ക് കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകൾ ലക്ഷ്യത്തിൽ പതിക്കും മുൻപ് തകർത്തതായും അമേരിക്ക വ്യക്തമാക്കി. ഈ സംഭവത്തോടെ ഹൂതികൾക്ക് കനത്ത തിരിച്ചടി നൽകാൻ അമേരിക്ക ഒരുങ്ങുന്നുവെന്ന സൂചന പുറത്തുവന്നിരുന്നു. ഇത് എട്ടാം തവണയാണ് ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് ആക്രമണം നടത്തുന്നത്. യു.കെ രണ്ടാം തവണയാണ് ആക്രമണങ്ങളിൽ പങ്കാളിയാവുന്നത്. അതേസമയം ഇസ്രയേൽ ബന്ധമുള്ള എല്ലാ കപ്പലുകൾക്ക് നേരെയും ആക്രമണം തുടരുമെന്ന നിലപാടിലാണ് ഹൂതികൾ.