ചൈന-കിർഗിസ്ഥാൻ അതിർത്തിയിൽ ഭൂചലനം

Wednesday 24 January 2024 12:56 AM IST

ബിജിംഗ്: ചൊവ്വാഴ്ച കിർഗിസ്ഥാൻ-സിൻജിയാങ് അതിർത്തി മേഖലയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

നിരവധി പേർക്ക് പരിക്കേൽക്കുകയും വീടുകൾ തകരുകയും ചെയ്തതായി റിപ്പോർട്ടികൾ പറയുന്നു. പുലർച്ചെ 2:09 നാണ് ഭൂചലനമുണ്ടായത്. ഉറുംകി, കോർള, കഷ്ഗർ, യിനിങ്ങ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഭൂചലനം ശക്തമായി അനുഭവപ്പെട്ടതായി പറയുന്നു. സിൻജിയാങ് റെയിൽവേ ഡിപ്പാർട്ട്‌മെന്റ് ഉടൻ പ്രവർത്തനം നിർത്തി. 27 ട്രെയിനുകളെ ഭൂകമ്പം ബാധിച്ചു. പല വകുപ്പുകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതായും ഭൂകമ്പ ബാധിതർക്ക് കോട്ടൺ ടെന്റുകൾ, കോട്ടുകൾ, പുതപ്പുകൾ, മെത്തകൾ, ഹീറ്റിംഗ് സ്റ്റൗ എന്നിവ നൽകുമെന്നും ചൈനയിലെ എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ, സിൻജിയാങ്ങിൽ വലിയ ഭൂചലനങ്ങൾ ഉണ്ടായതായും, കസാക്കിസ്ഥാനിൽ, റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായും അത്യാഹിത മന്ത്രാലയം റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഏകദേശം 30 മിനിറ്റിനുശേഷം ഭൂചലനവും തുടർചലനങ്ങളും ഉസ്ബെക്കിസ്ഥാനിലും അനുഭവപ്പെട്ടു.

Advertisement
Advertisement