വാർ‌ഡ് വോട്ടർപട്ടിക പുതുക്കൽ: കൂട്ടിച്ചേർക്കൽ അപേക്ഷ വർധന പരിശോധിക്കാൻ കോൺഗ്രസ്

Wednesday 24 January 2024 1:10 AM IST

തിരുവനന്തപുരം: തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുതുക്കലിൽ കൂട്ടിചേർക്കലിനുള്ള അപേക്ഷകൾ ക്രമാതീതമായി വരുന്നത് അന്വേഷിക്കാൻ കെ.പി.സി.സി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.ഇത് ഉന്നത ഉദ്യോഗസ്ഥൻ പരിശോധിക്കണമെന്നും സർവകക്ഷിയോഗം വിളിച്ച് ചർച്ച ചെയ്യണമെന്നും കെ.പി.സി.സി തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കത്തിൽ ആവശ്യപ്പെട്ടു.

തദ്ദേശ വോട്ടർപട്ടിക കഴിഞ്ഞ ഒക്ടോബർ 16ന് പുതുക്കിയതാണ്. അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കാനാണ് ക്രമാതീതമായി അപേക്ഷകൾ വന്നത്. നഗരസഭയിലെ വെള്ളാർ വാർഡിൽ 620 അപേക്ഷകൾ പുതുതായി വന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു വാർഡുകളിലും ഇത്തരം അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. ഇത് കമ്മീഷൻ ഗൗരവത്തിലെടുക്കണം.

യഥാർത്ഥ അപേക്ഷകൾ മാത്രം സ്വീകരിക്കാൻ അടിയന്തര നടപടി വേണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണനും നിരീക്ഷണ സമിതി കൺവീനർ എം.കെ.റഹ്‌മാനും കത്തിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement