ഇന്ത്യയെ 'വെല്ലുവിളിച്ച്'ചൈനീസ് ചാരക്കപ്പൽ മാലദ്വീപിലേക്ക്
മുംബയ്:ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ, മാലദ്വീപിലേക്ക് വരുന്ന ചൈനീസ് ചാരക്കപ്പലിനെ ഇന്ത്യൻ ഇന്ത്യൻ നാവിക സേന നിരീക്ഷിക്കുന്നു.
സമുദ്ര ഗവേഷണം എന്ന മറവിൽ സൈനിക ചാരപ്പണി ചെയ്യുന്ന ചൈനീസ് കപ്പൽ സിയാങ് യാങ് ഹോങ് 03 ഫെബ്രുവരി 8ന് മാലദ്വീപിൽ നങ്കൂരമിടും. ഇന്നലെ ഇൻഡോനേഷ്യയിലെ സുൻഡ കടലിടുക്ക് കടന്ന കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നീങ്ങുകയാണ്.
ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്ന് മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ചതോടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈന സന്ദർശിച്ച് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെ വരുന്ന ചൈനീസ് കപ്പലിന്റെ സാന്നിദ്ധ്യത്തിൽ നാവികസേന ജാഗ്രതയിലാണെന്നും നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യൻ പ്രതിരോധ വകുപ്പ് അറിയിച്ചിരുന്നു.
മോദിയെ അധിക്ഷേപിച്ചത് ഇന്ത്യൻ സഞ്ചാരികളെ മാലദ്വീപിൽ നിന്ന് അകറ്റിയ പശ്ചാത്തലത്തിൽ കൂടുതൽ സഞ്ചാരികളെ ദ്വീപിലേക്ക് അയയ്‌ക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
'സൗഹൃദ രാജ്യങ്ങളുടെ' കപ്പലുകളെ തങ്ങൾ സ്വാഗതം ചെയ്യാറുണ്ടെന്ന മാലദ്വീപ് അധികൃതരുടെ പ്രതികരണം ഇന്ത്യക്കെതിരായ പരോക്ഷമായ ആക്രമണമാണെന്ന വിലയിരുത്തലുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ഇന്ത്യ മുമ്പും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചൈനീസ് കപ്പലിന് രണ്ടുദിവസം മറൈൻ റിസർച്ച് നടത്താൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയിരുന്നു.
2022 ൽ ചൈനീസ് റിസർച്ച് കപ്പൽ യുവാൻ വാങ് 5 ശ്രീലങ്ക സന്ദർശിച്ചിരുന്നു.
സിയാങ് യാങ് ഹോങ് 03
4300 ടൺ ഭാരം
സമുദ്ര ഗവേഷണത്തിന്റെ മറവിൽ സൈനിക ചാരപ്പണി
2019ലും 2020ലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ട് മാപ്പ് ചെയ്തു
ചൈനീസ് അന്തർവാഹിനികൾക്കും ആഴക്കടൽ
ഡ്രോണുകൾക്കും പാതയൊരുക്കുക ലക്ഷ്യം