അബോർഷന് അനുമതി നൽകിയ വിധി പിൻവലിച്ച് ഹൈക്കോടതി

Wednesday 24 January 2024 1:10 AM IST

ന്യൂഡൽഹി: വിധവയായ യുവതിക്ക് 29 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് പുറപ്പെടുവിച്ച വിധി പിൻവലിച്ച് ഡൽഹി ഹൈക്കോടതി. കേന്ദ്ര സർക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവ് ഒക്ടോബറിൽ മരിച്ചു. തുടർന്ന് ഗുരുതരമായ മാനസിക സമ്മർദ്ദത്തിലാണ് യുവതിയെന്നും അബോർഷന് അനുമതി നൽകണമെന്നും കാട്ടി കോടതിയിൽ ഹർജി നൽകി.
അബോർഷന് അനുമതി നൽകിക്കൊണ്ട് ജനുവരി നാലിന് കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധിയാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പിൻവലിച്ചത്. ഹർജിക്കാരിയുടെ ആവശ്യവും അവരുടെ മാനസിക നില പരിശോധിച്ച റിപ്പോർട്ടുകളും പരിഗണിച്ചാണ് കോടതി അബോർഷന് അനുമതി നൽകിയത്. എന്നാൽ ഡൽഹി എയിംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഗർഭകാലം 29 ആഴ്ച ആയതിനാൽ ഇപ്പോൾ ഗർഭഛിദ്രത്തിന് അനുമതി നൽകരുതെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം എന്ന നിലയിൽ അബോർഷൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരും നിലപാട് അറിയിക്കുകയായിരുന്നു. ഇതോടെയാണ് നേരത്തെ പുറപ്പെടുവിച്ച വിധി ഹൈക്കോടതി പിൻവലിച്ചത്.

ഹർജിക്കാരി വിധവയായി മാറിയെന്നും ഭർത്താവിന്റെ മരണശേഷം അവർ ഗുരുതരമായ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നേരത്തെ കോടതി വിധിയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യം തുടരുന്നത് അവരുടെ മാനസിക നില താളം തെറ്റാനും സ്വയം അപായപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് എത്തിക്കുന്നതിനും കാരണമാവും. ഈ സാഹചര്യത്തിൽ ആത്മഹത്യാ പ്രവണത ഉൾപ്പെടെയുള്ള ഗുരുതരമായ മാനസിക സാഹചര്യം പരിഗണിച്ച് ഗർഭഛിദ്രം അനുവദിക്കണമെന്ന നിലപാടാണ് കോടതിക്കുള്ളതെന്ന് നേരത്തെ പുറപ്പെടുവിച്ച വിധിയിൽ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പ്രസ്താവിച്ചിരുന്നു.

Advertisement
Advertisement