ഫെമ ലംഘനക്കേസ്; ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യുന്നു

Wednesday 24 January 2024 2:25 PM IST

കൊച്ചി: ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനവുമായി (ഫെമ ലംഘന കേസ്) ബന്ധപ്പെട്ട് വിവരങ്ങൾ അറിയാൻ വിളിപ്പിച്ചുവെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നത്.

2020ൽ ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിന് ശേഷമാണ് ജാമ്യം കിട്ടിയത്. ഈ കേസിൽ ആദായനികുതി രേഖയിലടക്കം പൊരുത്തക്കേടുകൾ ഇ ഡി കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇന്ന് രാവിലെ 10.30 മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ വ്യക്തമല്ല.