ടൂറിസം സാദ്ധ്യതകൾ ചർച്ച ചെയ്ത് കേരളകൗമുദി കോൺക്ളേവ്
തിരുവനന്തപുരം:കേരളത്തിന്റെ ടൂറിസം സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി കേരളകൗമുദി സംഘടിപ്പിച്ച ടൂറിസം കോൺക്ളേവിൽ ഉയർന്നുവന്നത് വിനോദസഞ്ചാരം ശക്തിപ്പെടാൻ വേണ്ട ക്രിയാത്മക നിർദ്ദേശങ്ങൾ. ടൂറിസത്തിന് അനുബന്ധമായി ഹോട്ടൽ ബിസിനസ്,ആരോഗ്യ മേഖലകളിലുണ്ടാകേണ്ട മുന്നേറ്റവും കോൺക്ളേവിൽ ചർച്ചയായി.ടൂറിസം കേന്ദ്രങ്ങളിലും മറ്റിടങ്ങളിലും വൃത്തിയുള്ള ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയും ട്രേഡ് യൂണിയൻ പ്രശ്നങ്ങളും ചർച്ചയിൽ പങ്കെടുത്തവർ ഉയർത്തിക്കാട്ടി.വിവിധ മേഖലകളിലെ സംഭാവനകൾക്ക് സൗത്ത് പാർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് സെക്രട്ടറി റാണി മോഹൻദാസ്, രാജധാനി ഗ്രൂപ്പ് എം.ഡി ബിജു രമേശിനു വേണ്ടി ഡയറക്ടർ നന്ദു,ശബരിഗിരി ഇന്റർനാഷണൽ സ്‌കൂൾസ് ഗ്രൂപ്പ് ചെയർമാൻ ഡോ.ജയകുമാർ,ബി സിക്സ് ഇവന്റ്സ് എം.ഡി സുനുകുമാർ,സിവിലിയൻസ് സെന്റർ ഫോർ കോമ്പറ്റീറ്റീവ് എക്സാംസ് ജനറൽ മാനേജർ സി.കെ.രവിത് അൽ ബൈത് ഹജ്ജ് ഉംറ സർവീസ് എം.ഡി ഷംനാദ്.പി,എ.എച്ച്.എസ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജിംഗ് ഡയറക്ടർമാരായ ഷേർഷ എസ്, അരുൺദാസ്, ലഗൂണ ബീച്ച് റിസോർട്ട് എം.ഡി ഉദയരാജ് എന്നിവരും അൽസാജ് ഹോട്ടൽസ് ഗ്രൂപ്പും മന്ത്രി പി.എ.മുഹമ്മദ് റിയാസിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
നന്നായി മാർക്കറ്റ് ചെയ്യണം: വി.കെ.പ്രശാന്ത്
ടൂറിസ്റ്റുകളെ ആകർഷിക്കാൻ നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും നമുക്കുതന്നെ ഗുണകരമായി മാറുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു. നിരത്തുകളും കെട്ടിടങ്ങളും ഭംഗിയാക്കിയാൽ നാടിന്റെ സൗന്ദര്യമാണ് കൂടുക. ഇവിടെയുള്ളവർ മറ്റ് നാടുകളിലേക്ക് പോകുമ്പോഴാണ് നമ്മുടെ നാടിന്റെ മഹത്വം കൃത്യമായി മനസിലാവുക. അതിനാൽ നമ്മുടെ ഹരിതഭംഗി ഇവിടെത്തന്നെ മാർക്കറ്റ് ചെയ്യുകയാണ് വേണ്ടത്. ഉദാഹരണത്തിന് ഡബിൾ ഡക്കർ ബസിന്റെ തുറന്ന രണ്ടാമത്തെ നിലയിൽ കയറി യാത്ര ചെയ്താൽ മറ്റൊരു നഗരത്തിൽ കൂടി സഞ്ചരിക്കുന്ന പ്രതീതിയാണുണ്ടാവുക. ഇങ്ങനെയുള്ള പുതിയ കാര്യങ്ങൾ വരുന്നത് പുതിയ സാദ്ധ്യതകളാണ് തുറക്കുന്നത്. സർക്കാർ ചെയ്യുന്നതും അതാണ്. ടൂറിസം മേഖലയിലെ മദ്യനയത്തിൽ ഭാവിയിൽ സർക്കാർ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.ആറ്റുകാൽ പൊങ്കാല അടക്കമുള്ള ഉത്സവങ്ങളെ കൃത്യമായി മാർക്കറ്റ് ചെയ്താൽ ടൂറിസം വരുമാനം വർദ്ധിക്കുമെന്നതിൽ തർക്കമില്ല. അത്തരം സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി കേരളകൗമുദി നടത്തുന്ന ശ്രമങ്ങൾ പ്രചോദനമാണ്. അതേസമയം, നെഗറ്റീവുകൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും പ്രശാന്ത് നിർദ്ദേശിച്ചു.
മദ്യത്തിന് ചിയേഴ്സ് പറയണം: എസ്.എൻ.രഘുചന്ദ്രൻ നായർ
ടൂറിസം വളരണമെങ്കിൽ സർക്കാരിന്റെ മനോഭാവം മാറണമെന്ന് കോൺക്ളേവിൽ സംസാരിച്ച ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ പറഞ്ഞു. എല്ലായിടത്തും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സർക്കാർ അവസാനിപ്പിക്കണം. ടൂറിസ്റ്റുകൾ എത്തുന്നത് വിനോദത്തിനാണ്. അതിൽ ഒഴിവാക്കാനാവാത്തതാണ് മദ്യവും. മദ്യമില്ലാതെ ടൂറിസം സൗഹൃദം എന്നത് പൂർണമാകില്ല. ഇത്തരം കാര്യങ്ങളിൽ മത, സമുദായ നേതാക്കന്മാരെ ഭയക്കാതെ സർക്കാർ തീരുമാനങ്ങളെടുക്കണം.കേരളം എല്ലാതരത്തിലും സുരക്ഷിതമാണ്. ടൂറിസത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഇവിടെയുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങൾ കൂടുതലായി നടപ്പാക്കിയാൽ മതി.
കേരളകൗമുദിക്ക് അഭിനന്ദനം
തലസ്ഥാന വികസനത്തിനായി നിലകൊള്ളുന്ന കേരളകൗമുദിയെ രഘുചന്ദ്രൻ നായർ അഭിനന്ദിച്ചു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കാനായി ശക്തമായ നിലപാടെടുത്ത ഏക പത്രം കേരളകൗമുദിയാണ്. വിഴിഞ്ഞത്തിനെതിരായ നീക്കത്തെ വസ്തുതകൾ നിരത്തി കേരളകൗമുദി തുറന്നുകാണിച്ചു. അതേനിലപാടാണ് ടൂറിസത്തിന്റെ കാര്യത്തിലും. ഈ നിലപാട് കേരളകൗമുദി ഇനിയും തുടരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജീവ് മണാലി
വിനോദസഞ്ചാരത്തിനൊപ്പം മെഡിക്കൽ ടൂറിസത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോൺക്ളേവിൽ പങ്കെടുത്ത എസ്.യു.ടി ഹോസ്പിറ്റൽ സി.ഇ.ഒ കേണൽ രാജീവ് മണാലി പറഞ്ഞു.നിലവിൽ മാല ദ്വീപിൽ നിന്നു മാത്രമാണ് മെഡിക്കൽ ടൂറിസ്റ്റുകൾ എത്തുന്നത്. ബംഗ്ളാദേശ്,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുകൂടി മെഡിക്കൽ ടൂറിസ്റ്റുകളെ എത്തിക്കാനുള്ള ശ്രമങ്ങൾ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.