ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു

Thursday 25 January 2024 9:30 PM IST

ചെന്നൈ: ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം.കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.

2000ൽ ഭാരതി എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച ഭവതാരിണിക്ക് ആ ചിത്രത്തിലെ ഗാനത്തിന് അക്കൊല്ലത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർ‌‌ഡ് ലഭിച്ചിിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഗായികയായും സംഗീതസംവിധായികയായും തിളങ്ങി. 2002ൽ രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിനാണ് ആദ്യമായ സംഗീതം നൽകിയത്. 2019ൽ പുറത്തിറങ്ങിയ മായാനദി എന്ന തമിഴ് ചിത്രത്തിനാണ് അവസാനമായി സംഗീതം നൽകിയത്. ഭർത്താവ് ആർ. ശബരിരാജ്,​ സംഗീത സംവിധായകരായ കാർത്തിക് രാജയും യുവൻ ശങ്കർരാജയും സഹോദരങ്ങളാണ്. മലയാളത്തിൽ കളിയൂഞ്ഞാൽ,​ ഫ്രണ്ട്സ്,​ പൊൻമുടി പുഴയോരത്ത്,​ മൈഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. കളിയൂഞ്ഞാലിലെ കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടംനേടിയിരുന്നു.