'ഈ വഞ്ചനയ്ക്ക്  ജനങ്ങൾ  ഒരിക്കലും  മാപ്പ്  നൽകില്ല'; നിതീഷ് കുമാ‌ർ നിറം മാറുന്നതിൽ ഓന്തിന് വെല്ലുവിളിയാണെന്ന് കോൺഗ്രസ്

Sunday 28 January 2024 4:47 PM IST

ന്യൂഡൽഹി: ജനതാദൾ (യു) നേതാവ് നിതീഷ് കുമാറിന്റെ വഞ്ചനയ്ക്ക് ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്. നിറം മാറുന്നതിൽ നിതീഷ് കുമാർ ഓന്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പരിഹസിച്ചു. നിതീഷ് കുമാർ മഹാസഖ്യം വിട്ട് ബിജെപിക്കൊപ്പം ചേർന്നതിൽ പ്രതികരിക്കുകയായിരുന്നു ജയറാം രമേഷ്.

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായി രാഷ്ട്രീയ നാടകം കളിക്കുകയാണ് നിതീഷ് കുമാ‌ർ ചെയ്തതെന്നും ജയറാം രമേഷ് വിമർശിച്ചു. 'വൈകാതെ തന്നെ യാത്ര ബീഹാറിലെത്തും. പ്രധാനമന്ത്രിയും ബിജെപിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ ഭയപ്പെടുകയാണ്. മുന്നോട്ടുള്ള യാത്രയിൽ സ്പീഡ് ബ്രേക്കറുകൾ സ്വാഭാവികമാണ്. നിതീഷിന്റെ രാജി ഒരു സ്പീഡ് ബ്രേക്കർ പോലെ മാത്രമേ കാണുന്നുള്ളൂ. ഡിഎംകെ, എൻസിപി, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരെല്ലാം ഒറ്റക്കെട്ടായി ബിജെപിയെ നേരിടും. രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുന്ന നിതീഷ് നിറംമാറുന്നതിൽ ഓന്തുകൾക്ക് കടുത്ത വെല്ലുവിളിയാണ്'– അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് നിതീഷ് കുമാർ മന്ത്രിമാരായ വിജേന്ദ്ര യാദവിനും സഞ്ജയ് ഝായ്ക്കുമൊപ്പമെത്തി ഗവർണർക്ക് രാജി സമർപ്പിച്ചത്. രാജിവച്ച് പുറത്തുവന്ന നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ബന്ധപ്പെട്ട് അഭിനന്ദനം അറിയിച്ചതായും സൂചനയുണ്ട്. ഇനി എൻഡിഎക്കൊപ്പമായിരിക്കും നിതീഷ് കുമാറിന്റെ രാഷ്ട്രീയം. ഇന്നുതന്നെ എൻഡിഎയുടെ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യും.