റബർ മരങ്ങൾ തരുന്നത് കണ്ണീര്

Tuesday 30 January 2024 12:24 AM IST

കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന ചൊല്ല് പോലെയാണ് റബർ കർഷകന്റെ സ്ഥിതി. റബർ ഉത്പാദനം കൂടുമ്പോൾ കർഷകന് കിട്ടേണ്ട വില കുറയും. ഉത്പാദനം കുറയുമ്പോൾ വില കൂടുകയും ചെയ്യും. ഫലത്തിൽ കർഷകന് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. വിലയിടിവിൽ നട്ടം തിരിയുന്ന റബർ കർഷകരെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. വൻകിട വ്യാപാരികളും ടയർ കമ്പനിക്കാരുമാണ് കൊഴുക്കുന്നത്.

രണ്ട് മാസം മുൻപ് വരെ റബറിന് കിലോയ്ക്ക് നൂറ്റിയൻപത് രൂപയായിരുന്നു വില. അക്കാലത്ത് ഉത്പാദനം വലിയ തോതിൽ ഉയർന്നതാണ്. വിദേശ ഇറക്കുമതിയുടെ കരുത്തിൽ റബർ കമ്പനികൾ ആഭ്യന്തര വിപണിയെ അവഗണിച്ചു. അതുകൊണ്ട് നാട്ടിലെ റബർ ഉത്പന്നങ്ങൾ വിറ്റ കർഷകന് പ്രത്യേകിച്ച് പ്രയോജനമൊന്നും ലഭിച്ചില്ല. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ ഇരുന്നൂറ് രൂപയോളം ചെലവാകുമെന്നാണ് കർഷകർ പറയുന്നത്. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന തുക ചെലവ് കാശിന് അടുത്തെങ്ങുമെത്തില്ല. ഇങ്ങനെ തുടരുന്നതിനിടെ അന്താരാഷ്ട്ര രംഗത്ത് റബർ ഉത്പാദനം കുറഞ്ഞു. വൻകിട കമ്പനികൾക്ക് റബർ ഉത്പന്നങ്ങൾ ലഭിക്കുന്നതിൽ വന്ന കുറവ് പരിഹരിക്കാൻ വില വർദ്ധിപ്പിച്ച് കർഷകർ സംഭരിച്ച് വച്ചിരിക്കുന്ന റബർ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. പക്ഷേ, ചുരുക്കം കർഷകർ മാത്രമേ റബർ സംഭരിച്ചു വച്ചിട്ടുള്ളൂവെന്നതാണ് യാഥാർത്ഥ്യം.

വൻകിട റബർ വ്യാപാരികൾക്ക് അന്താരാഷ്ട്ര വിപണിയിലെയും റബർ കമ്പനികളുടെയും തന്ത്രങ്ങളറിയാം. കർഷകരിൽ നിന്ന് സംഭരിച്ച റബർ വൻകിട കമ്പനികൾക്ക് നൽകാതെ വ്യാപാരികൾ സൂക്ഷിക്കും. അന്താരാഷ്ട്ര വിപണിയിൽ റബർ ക്ഷാമം നേരിടുന്ന സന്ദർഭം നോക്കി കമ്പനികൾക്ക് നൽകും. കർഷകരിൽ നിന്ന് ശേഖരിക്കുന്ന റബർ വിറ്റ് കൊള്ള ലാഭം കൊയ്യാൻ വൻകിട വ്യാപാരികൾക്കിത് അവസരമാകും. കർഷകരിൽ നിന്ന് കിലോയ്ക്ക് നൂറ്റിയൻപത് രൂപയിൽ താഴെ വിലയ്ക്ക് സംഭരിച്ച റബർ വൻകിട വ്യപാരികൾ ഇപ്പോൾ നൂറ്റിയറുപത്തഞ്ച് മുതൽ മുകളിലേക്കുള്ള വിലയ്ക്കാണ് കമ്പനികൾക്ക് വിൽക്കുന്നത്.

വിലയിടിവിൽ നട്ടം തിരിഞ്ഞ കർഷകരെ ചതിയിൽ കുരുക്കുകയാണ് റബർ കമ്പനികളും വൻകിട വ്യാപാരികളും. റബറിന്റെ ഉത്പാദനം കുറഞ്ഞ് നിൽക്കുന്ന സമയമാണിപ്പോൾ. കനത്ത ചൂടിന് പുറമേ ഇലകൊഴിച്ചിലും മഞ്ഞിന്റെ കുറവും ഉത്പാദനം കുറച്ചു. ഇതു കാരണം കർഷകർ ടാപ്പിംഗ് നിറുത്തലാക്കുകയാണ്. ഉത്പാദനം കുറഞ്ഞ ഘട്ടത്തിൽ വില വർദ്ധിപ്പിച്ചത് വൻകിട വ്യാപാരികൾക്ക് മാത്രമേ ഗുണം ചെയ്യൂ. കാലാവസ്ഥാ വ്യതിയാനത്താൽ വിദേശരാജ്യങ്ങളിലും റബർ ഉത്പാദനം കുറഞ്ഞു. ഇതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്കും നിയന്ത്രണമുണ്ടായി.

വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി കുറഞ്ഞത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കണ്ടാണ് റബർ അധിഷ്ടിത കമ്പനികൾ ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ വില വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് റബർ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള പത്തനംതിട്ടയിൽ വർഷങ്ങളായുള്ള വിലയിടിവിനെ തുടർന്ന് കർഷകർ പലരും ഈ രംഗം വിട്ടിരുന്നു. റബർ വെട്ടിമാറ്റി മറ്റ് കൃഷികൾ തുടങ്ങുകയും ചെയ്തു. നിലവിലുള്ള കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

സബ്സിഡി എവിടെ?

റബറിന്റെ വില സബ്സിഡിയടക്കം കിലോയ്ക്ക് ഇരുന്നൂറ് രൂപയാക്കുമെന്നായിരുന്നു ഇടതുമുന്നണി പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. ഇതു നടപ്പായില്ലെന്നു മാത്രമല്ല, നൂറ്റിയെഴുപത് രൂപയാക്കിയ സബ്സിഡി ലഭിച്ചിട്ട് നാല് മാസത്തോളമാകുന്നുവന്ന് റബർ കർഷകർ പറയുന്നു. പ്രതിസന്ധിയിലായ കർഷകരെ കൈപിടിച്ചുയർത്താൻ ആരുമില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വഞ്ചനയിൽ നിസംഗരാണ് കർഷകർ.

കേന്ദ്രസർക്കാർ തുക അനുവദിക്കാത്തതുകൊണ്ടാണ് സബ്സിഡി നൽകാൻ കഴിയത്തതെന്ന് സംസ്ഥാന സർക്കാർ. കർഷകർ നിരന്തരം നിവേദനം നൽകിയെങ്കിലും ഫണ്ടില്ലെന്നാണ് പറയുന്നത്. കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം വരുന്നത്. പൊതു തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെയും യു.ഡി.എഫിന്റെയും പ്രകടന പത്രികകളിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു റബർ സബ്സിഡി. റബർ ബോർഡിൽ രജിസ്റ്റർ ചെയ്ത കർഷകർക്കാണ് സബ്സിഡി അനുവദിക്കുന്നത്. റബർ ഉത്പന്നങ്ങൾ വിൽക്കുന്നത് ബോർഡിന്റെ അംഗീകൃത വ്യാപാര സ്ഥാപനങ്ങളിലുമായിരിക്കണം. റബർ ഉത്പന്നങ്ങൾ വിറ്റതിന്റെ രസീതുകൾ ബോർഡിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നവർക്കാണ് തുക അനുവദിക്കുന്നത്. ഇങ്ങനെ അപ്ലോഡ് ചെയ്ത റബർ കർഷകർ സബ്സിഡിക്കായുള്ള കാത്തിരിപ്പിലാണ്. കിട്ടേണ്ട അവകാശങ്ങൾക്കായി വേഴാമ്പലുകളെപ്പോലെ കാത്തരുന്ന കർഷകർ റബർ മേഖലയെ കൈവിടുകയാണ്.

പത്തനംതിട്ടയിൽ റബർ മരങ്ങൾ വെട്ടിമാറ്റി കാപ്പിയും കുരുമുളകും തെങ്ങും നടുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ ജില്ലയിലെ രണ്ടായിരത്തോളം ഹെക്ടർ ഭൂമിയിലെ റബർ കൃഷി ഇല്ലാതായെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. റബർ ഉത്പാദനത്തിൽ സംസ്ഥാനത്ത് മുന്നിലുള്ള കോട്ടയത്ത് മൂവായിരം ഹെക്ടറിലെ കൃഷിയാണ് ഇല്ലാതായത്. ഇന്ത്യയിലെ റബർ ഉത്പാദനത്തിൽ എഴുപത് ശതമാനത്തോളം കേരളത്തിലാണെങ്കിലും ഈ മേഖലയിലെ ലക്ഷക്കണക്കായ കർഷകരുടെ ആവശ്യങ്ങളോട് സർക്കാർ കരുണ കാട്ടാറില്ല. സംരക്ഷണവും പരിപോഷണവും ആവശ്യമുള്ള റബർ കൃഷിക്ക് എന്നും അവഗണനയാണ്. കർഷകരെ സഹായിക്കാനായി രൂപം കൊണ്ട റബർ ബോർഡ് നോക്കുകുത്തിയായി. ബോർഡിന്റെ പല ഓഫീസുകളും പൂട്ടി.

പത്തനംതിട്ടയിൽ എല്ലാ താലൂക്കുകളിലും ബോർഡിന്റെ ഫീൽഡ് ഓഫീസർമാർ കർഷകരെ സഹായിക്കാനുണ്ടായിരുന്നു. ഇപ്പോൾ ജില്ലയ്ക്ക് ഒരു ഫീൽഡ് ഓഫീസർ എന്ന സ്ഥിതിയിലായി. ബാർഡിന്റെ കീഴിലുള്ള റബർ ഉത്പാദക സംഘങ്ങൾ മാത്രമാണ് കർഷകരുടെ അവസാനത്തെ ആശ്രയം. കേരളത്തിന്റെ പ്രധാന കാർഷിക വിളയായി മാറിയിരുന്ന റബർ കൃഷി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണ്. അവിടെ കൃഷി നടത്താൻ കർഷകരെ സഹായിക്കാൻ റബർ ബോർഡുകളുണ്ട്. കേരളത്തോടുള്ള അവഗണന കർഷകരുടെ കുടുംബജീവിതത്തിൽ താളപ്പിഴകളുണ്ടാക്കുകയാണെന്ന് അധികൃതർ ഓർക്കണം.

Advertisement
Advertisement