നിതീഷിന്റെ മനോരഥം

Tuesday 30 January 2024 12:06 AM IST

ബീഹാറിൽ മഹാസഖ്യത്തെ പൊളിച്ചടുക്കി,​ എൻ.ഡി.എ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത അഭിനവ രാഷ്ട്രീയത്തിലെ അസംബന്ധ നാടകത്തിന് അടിക്കുറിപ്പായി എന്തുമെഴുതാം. നിതീഷിനെ നാണംകെട്ട നിറംമാറ്റക്കാരനെന്നോ സർക്കസിലെ ട്രപ്പീസു കളിക്കാരനെന്നോ പ്രാദേശിക രാഷ്ട്രീയത്തിലെ കുലുക്കിക്കുത്തുകാരനെന്നോ എന്തും വിളിക്കാം. എന്തു വിളിച്ചാലും ലാഭം നിതീഷിനു തന്നെ. ബീഹാറിൽ ഏതു മുന്നണി അധികാരത്തിലെത്തിയാലും മുഖ്യമന്ത്രിക്കസേരയിൽ നിതീഷ് തന്നെ! അതാണ് സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിലെത്തുകയും,​ പിന്നീട് അധികാര രാഷ്ട്രീയത്തിൽ അപ്രതീക്ഷിതങ്ങളുടെ ജാലവിദ്യക്കാരനാവുകയും ചെയ്ത നിതീഷിന്റെ സ്വന്തം സോഷ്യലിസം!

ബീഹാറിൽത്തന്നെ നിതീഷ് മുഖ്യമന്ത്രിയായി അധികാരമേല്ക്കുന്നത് അഞ്ചാം തവണയാണ്. 2005 മുതൽ 2013 വരെ എൻ.ഡി.എ മുഖ്യമന്ത്രി. പിന്നെ,​ ആർ.ജെ.‌ഡിക്കൊപ്പം. 2017-ൽ വീണ്ടും എൻ.ഡി.എ മുഖ്യമന്ത്രി. 2022-ൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ നിതീഷ് മഹാസഖ്യത്തിന് ചരമക്കുറിപ്പെഴുതിവച്ച് വീണ്ടും എൻ.ഡി.എയിലേക്കു പോയി. പ്രധാനമന്ത്രിക്കുപ്പായം തയ്പിച്ച്,​ തേച്ചുമിനുക്കി നടക്കുന്ന നിതീഷ് ഇപ്പോഴത്തെ കസേരയിൽ എത്രകാലം ഉണ്ടാകുമെന്നത് തികച്ചും പ്രവചനാതീതം. കാരണം,​ കാലു മാറാനോ കളം മാറാനോ നിതീഷിന് വലിയ കാരണങ്ങളോ വലിയ സമയമോ വേണ്ട. അതിന്,​ വലിയ ലാഭങ്ങളെക്കുറിച്ചുള്ള മനക്കണക്കു മാത്രം മതി!

ഒരിക്കൽ എൻ.ഡി.എയിൽ മോദിയുടെ അപ്രമാദിത്വത്തിൽ അസ്വസ്ഥനായും,​ ബീഹാറിൽ ബി.ജെ.പിയുടെ ഗൂഢലക്ഷ്യങ്ങളിലും ഇടഞ്ഞ് മുന്നണിയിൽ നിന്ന് തലകുടഞ്ഞ് ഇറങ്ങിപ്പോന്ന നിതീഷ് ഇപ്പോൾ അതേ കൂടാരത്തിലേക്ക്,​ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ കയറിച്ചെല്ലുമ്പോഴും അവിടത്തെ അന്തരീക്ഷത്തിന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. ഇരുകൂട്ടർക്കുമുള്ളത് അവരവരുടെ വിശാലലക്ഷ്യം മാത്രം. പക്ഷേ,​ നിന്ന നില്പിൽ നിതീഷിന്റെ ഇപ്പോഴത്തെ മലക്കംമറിച്ചിലിൽ കട്ടയും പടവും മടക്കേണ്ടിവന്നത് പ്രതിപക്ഷ മഹാസഖ്യമായ ഇന്ത്യാ മുന്നണിക്കാണ്. താൻ തന്നെ കൈപിടിച്ചുകൊണ്ടുവന്ന മുന്നണിയുടെ തലയ്ക്കടിച്ച് പടിയിറങ്ങാൻ നിതീഷിന് ഒരു കുറ്റബോധവുമുണ്ടായില്ല!

കോൺഗ്രസ്,​ തൃണമൂൽ,​ ആം ആദ്മി,​ എൻ.സി.പി,​ ഇടതുപക്ഷം തുടങ്ങി പ്രതിപക്ഷ പാർട്ടികളെ വിളിച്ചുകൂട്ടി പുതിയ സഖ്യത്തിന് മുഖംകൊടുക്കുമ്പോൾ,​ അതുവഴി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സ്വയം മുഖമെഴുതുകയായിരുന്നു നിതീഷ്‌കുമാർ. പക്ഷേ,​ മനക്കണക്കിൽ നിതീഷിനേക്കാൾ മിടുക്കുള്ള മമതാ ബാനർജി ഇന്ത്യാ മുന്നണിയുടെ അമരക്കാരനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദ്ദേശിക്കുകയും ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ അതിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ നിതീഷിന്റെ കണക്കു തെറ്റി. ഒരിക്കൽ തെറ്രിയ കണക്ക് തിരുത്താൻ മറ്റാർക്കുമില്ലാത്ത ഗണിതവൈദഗ്ദ്ധ്യം വശമുള്ള നിതീഷ് അതിന് പ്രതികാരം കൂടിയെന്ന നിലയിലാണ് ഇന്ത്യാ സഖ്യത്തിന്റെ ഹംസഗാനം കുറിച്ചത്.

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി തന്നെയാവും തങ്ങളുടെ പ്രധാനമന്ത്രിയെന്ന് ബി.ജെ.പി ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും,​ അമിത് ഷാ ഉൾപ്പെടെ മുതിർന്ന നേതാക്കൾ അതു സൂചിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യം അമ്പേ തരിപ്പണമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഇനി പുതിയൊരു രാഷ്ട്രീയാദ്ഭുതം സംഭവിക്കുമെന്ന് ഇപ്പോഴത്തെ നിലയിൽ കരുതുക വയ്യതാനും. എന്നിട്ടും,​ മോദിയുടെ പ്രധാമന്ത്രിപദത്തിൽ പിണങ്ങി ഒരിക്കൽ മുന്നണി വിട്ട നിതീഷ്‌കുമാർ ബീഹാറിൽ വീണ്ടും താമരനിഴലിലേക്ക് ചേക്കേറിയെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയക്കസേരയിലേക്ക് മനോരഥം പായിക്കാമെന്ന മോഹംകൊണ്ടു മാത്രമാകാം. പിടികൊടുക്കാത്ത രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യന്റെ പുതിയ സർക്കസുകൾക്കു കാത്തിരിക്കാനേ തത്കാലം നിവൃത്തിയുള്ളൂ.

Advertisement
Advertisement