'ഇന്ത്യ മുസ്ളീം രാഷ്ട്രമല്ല, വിമർശിക്കുന്നവർ പാകിസ്ഥാനിലേയ്ക്ക് പോകണം'; പ്രാണപ്രതിഷ്‌ഠാച്ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ ഫത്വ ലഭിച്ചതിൽ പ്രതികരിച്ച് ഇമാം

Tuesday 30 January 2024 11:23 AM IST

ലക്‌‌നൗ: ജനുവരി 22ന് നടന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങിൽ മതപണ്ഡിതൻമാരും രാഷ്ട്രീയപ്രവർത്തകരും സിനിമാതാരങ്ങളും ഉൾപ്പെടെ വിവിധമേഖലയിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുത്ത മുസ്ളീം പുരോഹിതനെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. ദേശീയ ഇമാം സംഘടനയുടെ മുഖ്യ ഇമാമായ ഉമർ അഹ്മദ് ഇല്യാസിക്കെതിരെയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. മുസ്ളീം മതനേതാക്കൾ പുറപ്പെടുവിക്കുന്ന ഉത്തരവിനെയാണ് ഫത്വ എന്ന് പറയുന്നത്. വധഭീഷണികളും ആക്രമണങ്ങൾക്കുള്ള ആഹ്വാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഫത്വയിൽ ഇമാമിനെ 'കാഫിർ' എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. പലവിധത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 'മുഫ്‌തി ക്ളാസുകൾ' എന്ന സ്ഥാപനം നടത്തുന്ന മുഫ്‌തി സാബിർ ഹുസൈനിയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്നലെയാണ് ഫത്വ പുറപ്പെടുവിച്ചതെങ്കിവലും പരിപാടിയിൽ പങ്കെടുത്ത അന്നുമുതൽ ഭീഷണികോളുകൾ ലഭിക്കുകയാണെന്ന് ഇമാം പറഞ്ഞു. 'എന്നെയും ദേശത്തെയും സ്‌നേഹിക്കുന്നവർ എന്നെ പിന്തുണയ്ക്കും. എന്നാൽ പരിപാടിയിൽ പങ്കെടുത്തതിന് എന്നെ വെറുക്കുന്നവർ പാകിസ്ഥാനിലേയ്ക്ക് പോകുന്നതാണ് നല്ലത്. എനിക്കെതിരെ ഒരുസംഘമാളുകൾ ഗൂഢാലോചന നടത്തുകയാണ്. എനിക്കെതിരെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണക്കത്ത് ലഭിച്ചപ്പോൾ രണ്ട് ദിവസം ആശയക്കുഴപ്പത്തിലായിരുന്നു. പിന്നീടാണ് പോകാൻ തീരുമാനിച്ചത്.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമായിരുന്നു അത്. രാജ്യത്തിനുവേണ്ടിയും ഐക്യത്തിനുവേണ്ടിയുമാണ് ചടങ്ങിൽ പങ്കെടുത്തത്. ദേശീയ ഇമാം സംഘടനയുടെ മേധാവി എന്ന നിലയിലാണ് എനിക്ക് ക്ഷണം ലഭിച്ചത്. എനിക്കവിടെ വലിയ സ്വീകരണമാണ് ലഭിച്ചത്. നമ്മുടെ വിശ്വാസങ്ങൾ വ്യത്യസ്തമാണെങ്കിലും നമ്മുടെ ഏറ്റവും വലിയ മതം മനുഷ്യത്വമാണ് എന്നാണ് ചടങ്ങിൽ പങ്കെടുത്തതിനുശേഷം ഞാൻ പറഞ്ഞത്.

എനിക്കും എന്റെ കുടുംബത്തിനും നേരെ അവർ ഭീഷണി ഉയർത്തുകയാണ്. എന്നാൽ ഇന്ത്യ ഒരു മുസ്ലീം രാഷ്ട്രമല്ല എന്നാണ് എനിക്ക് അവരോട് പറാനുള്ളത്. ഞാൻ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അവർക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അവർ പാകിസ്ഥാനിലേയ്ക്ക് പോകുന്നതാണ് നല്ലത്. ഞാൻ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ല. അതിനാൽ തന്നെ ക്ഷമാപണം നടത്താനോ സ്ഥാനമൊഴിയാനോ തയ്യാറല്ല'- ഇല്യാസി വ്യക്തമാക്കി.

ഇത് ആദ്യമായാണ് ഒരു മുഖ്യ ഇമാമിനെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്. തനിക്കെതിരായ ഭീഷണിക്കെതിരെ ഇല്യാസി ഡൽഹി പൊലീസ് കമ്മീഷണർ, ആഭ്യന്തര സെക്രട്ടറി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.