സിനിമയ്‌ക്കായി വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും കുടുംബത്തിന്റെ അവസ്ഥ കണ്ടതോടെ വീട് തന്നെ നിർമിച്ചു; താക്കോൽ കൈമാറി സുരേഷ് ഗോപി

Tuesday 30 January 2024 12:49 PM IST

സിനിമാ ചിത്രീകരണത്തിന് വീടിന്റെ സെറ്റിടുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. സ്ഥലം കണ്ടെത്തി അവിടെ തങ്ങൾക്ക് വേണ്ട രീതിയിലുള്ള വീടിന്റെ സെറ്റിടും. ഷൂട്ടിംഗ് കഴിഞ്ഞാൽ ഇത് പൊളിച്ചുകളയുകയും ചെയ്യും. അവിടെയാണ് അൻപോട് കൺമണി എന്ന ചിത്രത്തിന്റെ അണയറപ്രവർത്തകർ വ്യത്യസ്തരായത്. തലശ്ശേരിയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബം കഴിയുന്ന സ്ഥലത്താണ് ചിത്രീകരണം നടന്നത്. ആദ്യം വീടിന്റെ സെറ്റിടാനായിരുന്നു സിനിമയുടെ നിർമാതാവ് തീരുമാനിച്ചിരുന്നതെങ്കിലും കുടുംബത്തിന്റെ അവസ്ഥ കണ്ടതോടെ തീരുമാനം മാറ്റി. മനോഹരമായ ഒരു വീട് തന്നെ അവർക്കായി പണിതു.

കുടുംബത്തിന്റെ സമ്മതത്തോടെ തന്നെയായിരുന്നു വീട് നിർമാണം. നടനും ബി ജെ പി മുൻ എം പിയുമായ സുരേഷ് ഗോപിയാണ് വീടിന്റെ താക്കോൽ ദാനം നിർവഹിച്ചത്. അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അൻപോട് കൺമണി. ക്രീയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രനാണ് ചിത്രം നിർമിക്കുന്നത്. അർജുൻ അശോകിനെ കൂടാതെ അനഘ നാരായണൻ,മാലപാർവതി, അൽത്താഫ് അടക്കുമുള്ള താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.