അഴിമതി സൂചിക; ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ  93-ാം  സ്ഥാനത്ത്

Tuesday 30 January 2024 9:51 PM IST

ന്യൂഡൽഹി: 2023ലെ അഴിമതി ധാരണ സൂചികയുടെ (കറപ്ഷൻ പേർസപ്ഷൻസ് ഇൻഡക്‌സ് 2023) റിപ്പോർട്ട് പുറത്ത്. 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 93-ാം സ്ഥാനത്താണ്. ട്രാൻസ്‌പരൻസി ഇന്റർനാഷണലാണ് ഈ പട്ടിക പുറത്തുവിട്ടത്. വിദഗ്ദ്ധരുടെയും വ്യവസായികളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊതുമേഖലയിൽ അഴിമതി സൂചിപ്പിക്കുന്നതാണ് പട്ടിക. പൂജ്യം മുതൽ 100വരെയുള്ള സ്കെയിലിൽ പൂജ്യം കടുത്ത അഴിമതിയെയും 100 അഴിമതിയില്ലായ്മയെയും സൂചിപ്പിക്കുന്നു. 2022ൽ ഇന്ത്യയുടെ റാങ്ക് 85 ആയിരുന്നു. മാലദ്വീപ്, കസാക്കിസ്ഥാൻ, ലെസോതോ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം 93-ാം സ്ഥാനത്തുണ്ട്.

ഡെന്മാർക്കാണ് പട്ടികയിൽ ഒന്നാമത്. 100ൽ 90 സ്കോറാണ് ഡെന്മാർക്ക് നേടിയത്. 87 സ്കോറുള്ള ഫിൻലൻഡാണ് രണ്ടാമത്. ന്യൂസിലൻഡാണ് മൂന്നാം സ്ഥാനത്ത്. 85 സ്കോറാണ് ന്യൂസിലൻഡിന്. 84 സ്‌കോറുമായി നോർവേ നാലാമത്, 83 സ്‌കോറുമായി സിംഗപ്പൂർ അഞ്ചാമത്, 82 സ്‌കോറുമായ സ്വീഡനും സ്വിറ്റ്‌സർലൻഡും ആറാമത്. എന്നിങ്ങനെയാണ് പട്ടികയിലെ അടുത്തടുത്ത സ്ഥാനങ്ങൾ.