കേരളത്തിൽ അവസാന വധശിക്ഷ 33വർഷം മുൻപ്

Wednesday 31 January 2024 1:36 AM IST

തിരുവനന്തപുരം: നാല് ജയിലുകളിൽ വധശിക്ഷ കാത്ത് 37പേരുണ്ടെങ്കിലും കേരളത്തിൽ ഒടുവിൽ വധശിക്ഷ നടപ്പാക്കിയത് 33വർഷം മുൻപാണ്. ചുറ്റിക കൊണ്ട് 14 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ റിപ്പർചന്ദ്രനെ 1991ലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും വിയ്യൂർ അതിസുരക്ഷാജയിലിലുമാണ് വധശിക്ഷ കിട്ടിയവരെ പാർപ്പിക്കുക.

തടവുകാരെ തൂക്കിലേറ്റാൻ കണ്ണൂരിൽ രണ്ടും പൂജപ്പുരയിൽ ഒന്നും കഴുമരങ്ങളുണ്ട്. രണ്ടിടത്തുമായി ഇതുവരെ 26പേരെ തൂക്കിക്കൊന്നിട്ടുണ്ട്. നിലവിൽ ഒറ്റ ജയിലിലും ആരാച്ചാർമാരില്ല. വധശിക്ഷ നടപ്പാക്കേണ്ടിവന്നാൽ 2 ലക്ഷം രൂപ പ്രതിഫലം നൽകി ആരാച്ചാരെ നിയമിക്കും. നേരത്തേ ആരാച്ചാർക്കായി ഇന്റർവ്യൂ നടത്തിയപ്പോൾ എൻജിനിയറിംഗ് ബിരുദധാരികളും എം.ബി.എക്കാരുമെല്ലാം പങ്കെടുത്തിരുന്നു. നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കിയതോടെ ജയിലുകളിലെ കഴുമരങ്ങൾ ബലപ്പെടുത്തിയിരുന്നു.

വധശിക്ഷ കിട്ടിയവരെല്ലാം മേൽക്കോടതികളിൽ അപ്പീൽ നൽകി കാത്തിരിക്കുകയാണ്. അത്യപൂർവ കുറ്റങ്ങളിലല്ലാതെ വധശിക്ഷ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.

 രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കി- 98

 പേരാണ് ഇന്ത്യയിൽ വധശിക്ഷ കാത്തുകഴിയുന്നത്- 539

വധശിക്ഷ കിട്ടിയവർ

 ഉത്തർപ്രദേശ്-------------100

 ഗുജറാത്ത്------------------61

 ജാർഖണ്ഡ്------------------46

 മഹാരാഷ്ട്ര-----------------39

 ഡൽഹി----------------------30

വധശിക്ഷ വിധിച്ചവർക്ക്

 പരോൾ നൽകില്ല

ജയിൽ ജോലികൾ ചെയ്യണം

സാധാരണ തടവുകാർക്കൊപ്പം

ദയാഹർജി തള്ളിയാൽ ബ്ലാക്ക് വാറണ്ട്

ഈ ഘട്ടത്തിൽ സെല്ലിൽ ഒറ്റയ്ക്കാക്കും

നിത്യേന മെഡിക്കൽ പരിശോധനകൾ

രോഗം ബാധിക്കാതിരിക്കാൻ കരുതൽ

ആത്മഹത്യ ചെയ്യാതിരിക്കാൻ സുരക്ഷ