ഇടക്കാല ബഡ്ജറ്റ് ഇന്ന്: ലക്ഷ്യം വളർച്ചയും ജനക്ഷേമവും

Thursday 01 February 2024 4:11 AM IST

കൊച്ചി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബഡ്ജറ്റാണെങ്കിലും കാർഷിക-വ്യവസായ-ധനകാര്യ മേഖലകളിലെ വളർച്ചയ്‌ക്കുള്ള സമഗ്രമായ നിർദ്ദേശം ഉൾപ്പെടുത്തിയേക്കും. വളർച്ചയും ക്ഷേമവും സമന്വയിപ്പിച്ച് സാമ്പത്തിക മുന്നേറ്റത്തിന്റെ പ്രയോജനം എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സ്ത്രീശക്തിക്കും നൈപുണ്യ വികസനത്തിനും സാങ്കേതികവിദ്യയ്‌ക്കും ഉൗന്നൽ നൽകും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതത്തിൽ ഗണ്യമായ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഇതിലൂടെ കഴിയുമെന്ന് വിലയിരുത്തുന്നു.

കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മുൻനിര വിദേശ സർവകലാശാലകളെ ആകർഷിക്കാൻ നടപടികളുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയെ സൂപ്പർപവറാക്കാനാണ് ലക്ഷ്യം. എല്ലാ ആശുപത്രികളിലും കാഷ്ലെസ് ചികിത്സാ സൗകര്യം ലഭ്യമാകുന്നതിന് ഇൻഷ്വറൻസ് പദ്ധതികളും പ്രഖ്യാപിച്ചേക്കും.

 കാർഷിക, ഗ്രാമീണ മേഖല

എല്ലാവർക്കും വരുമാനവും വീടും എന്ന ലക്ഷ്യത്തോടെ പി.എം കിസാൻ പദ്ധതി, ആവാസ് യോജന എന്നിവയ്ക്കായുള്ള വിഹിതം ഗണ്യമായി ഉയർത്തിയേക്കും. കിസാൻ സമ്മാൻ നിധിയുടെ പ്രതിവർഷ ആനുകൂല്യം 6000 രൂപയിൽ നിന്ന് 9000 ആക്കാനും സാദ്ധ്യതയുണ്ട്.

 ഇടത്തരക്കാരായ ശമ്പളക്കാർ

ഇടത്തരക്കാരായ ശമ്പളക്കാർക്ക് ആശ്വാസമായി പുതിയതും പഴയതുമായ റിട്ടേണുകളിലെ നികുതി സ്ളാബുകളുടെ പരിധി ഉയർത്തുമെന്നാണ് പ്രതീക്ഷ.

 എം.എസ്.എം.ഇ

നിയന്ത്രണ നടപടികൾ ലളിതമാക്കുന്നതിനും ധനസഹായങ്ങളും വായ്പകളും അതിവേഗം ലഭിക്കുന്നതിനുമുള്ള പദ്ധതികളാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക (എം.എസ്.എം.ഇ) മേഖല പ്രതീക്ഷിക്കുന്നത്.

 വ്യാവസായിക ഉത്പാദനം

ലോകത്തിന്റെ ഉത്പാദന ഹബായി ഇന്ത്യയെ മാറ്റുന്നതിന് സെമികണ്ടക്ടർ ചിപ്പുകൾ, മൊബൈൽ ഫോണുകൾ, വൈദ്യുതി വാഹനങ്ങൾ, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ മേഖലകളിൽ നിക്ഷേപിക്കുന്നവർക്ക് ഉത്തേജക പാക്കേജുകൾ ബഡ്ജറ്റിലുണ്ടായേക്കും. നിലവിലുള്ള ഉത്പാദന ബന്ധിത ആനുകൂല്യ (പി.എൽ.ഐ) പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചേക്കും.

Advertisement
Advertisement