'ഉടൻ പുറത്ത് പോകണം'; രാമക്ഷേത്രത്തിനെതിരായി വിദ്വേഷ പ്രസംഗം നടത്തിയതിൽ മണിശങ്കർ അയ്യറും മകളും മാപ്പ് പറയണമെന്ന് റസിഡൻസ് അസോസിയേഷൻ

Thursday 01 February 2024 4:50 PM IST

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ അധിക്ഷേപിച്ച സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറോടും മകളോടും താമസം മാറണമെന്ന് ആവശ്യവുമായി റസിഡൻസ് അസോസിയേഷൻ അധികൃതർ. മണിശങ്കറിന്റെ മകളായ സുരണ്യാ അയ്യറാണ് കഴിഞ്ഞ മാസം 20ന് രാമക്ഷേത്രത്തിലെ ചടങ്ങിനെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സംഭവത്തിൽ ജഗ്പുരയിലെ റലവൻസ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ (ആർഎസ്ഡബ്യൂ) അംഗങ്ങളാണ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

'രാജ്യത്തെ മുസ്ലീം ജനതയോടുളള ദുഃഖത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമാണ്' എന്ന് സുരണ്യ പോസ്റ്റിൽ കുറിച്ചിരുന്നു. ഇതോടെയാണ് മണിശങ്കറിനും മകൾക്കുമെതിരെ നിരവധി വിമ‌ർശനങ്ങൾ ഉയർന്നത്. അതേസമയം സുരണ്യയുടെ പ്രവൃത്തി വിദ്യാസമ്പന്നയായ ഒരു യുവതിക്ക് ചേർന്നതല്ലെന്ന് ആർഎസ്ഡബ്യൂ അംഗം മാദ്ധ്യമങ്ങളോട് പറഞ്ഞു.രാമക്ഷേത്രത്തിന്റെ നിർമാണം സുപ്രീംകോടതിയുടെ വിധിയെ തുടർന്നാണെന്നും ഇത് രാജ്യത്തെ ഹിന്ദു മതവിശ്വാസികൾക്കുളള സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആർഎസ്ഡബ്യൂവിന്റെ നീക്കത്തിൽ പ്രതികരണവുമായി സുരണ്യ രംഗത്തെത്തി. രാമക്ഷേത്രത്തിന്റെ നിർമാണത്തെക്കുറിച്ചും അവിടെ നടന്ന ചടങ്ങിനെക്കുറിച്ചുമുളള അഭിപ്രായം സ്വന്തം വീട്ടിലിരുന്നാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചതെന്നും രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും സുരണ്യ വ്യക്തമാക്കി. ആർഎസ്ഡബ്യൂന്റെ ഈ തീരുമാനം ഉചിതമാണെന്നും വിശ്വാസികൾക്കുളള ഊർജമാണെന്നും ബിജെപി നേതാവ് പ്രതികരിച്ചു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വിദ്വേഷം കലർന്ന പോസ്റ്റിട്ടതിൽ സുരണ്യയും മണിശങ്കറും മാപ്പ് പറഞ്ഞതിന് ശേഷം അസോസിയേഷൻ വിട്ടുപോകണമെന്നും ബിജെപി ഐടി വിഭാഗം തലവനായ അമിത് മാളവ്യ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

Advertisement
Advertisement