ഫീസ് വേണ്ട ചില കാര്യങ്ങളിൽ കോംപ്രമൈസ് ചെയ്താൽ മതിയെന്ന് പറഞ്ഞ് തോളിൽ പിടിച്ചു; ആളൂരിനെതിരായ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്‌

Friday 02 February 2024 10:16 AM IST

കൊച്ചി: അഡ്വ. ആളൂരിന്റെ ഓഫീസിൽവച്ച് അതിക്രമം നേരിട്ടെന്ന എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സ്ഥലസംബന്ധമായ കേസിന്റെ ആവശ്യത്തിന് ആളൂരിന്റെ ഓഫീസിൽ ചെന്നപ്പോഴാണ് അതിക്രമം നേരിട്ടതെന്നാണ് പരാതിയിലുള്ളത്.

കേസ് നടത്തിപ്പിന് ആളൂർ ഏഴ് ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം അക്കൗണ്ടിലൂടെയും ബാക്കി പണമായും വേണമെന്നായിരുന്നു ആവശ്യം. അഞ്ച് ലക്ഷം രൂപ നേരത്തെ കൊടുത്തു. ജഡ്ജിയ്ക്കും കമ്മി​ഷണർക്കും കൈക്കൂലി നൽകാനെന്ന പേരിൽ കൂടിയാണ് പണമായി​ വാങ്ങിയത്. വീണ്ടും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ പണമില്ലെന്ന് പറഞ്ഞു. അപ്പോൾ, ഫീസ് വേണ്ട ചില കാര്യങ്ങളിൽ കോംപ്രമൈസ് ചെയ്താൽ മതിയെന്ന് പറഞ്ഞ് തോളിൽ പിടിച്ചു. ഉടൻ അവിടെ നിന്നിറങ്ങി സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.

ഇതിനുശേഷം പല തവണ നേരിട്ടും തന്റെ സുഹൃത്തുകൾ വഴി​യും തന്നോട് സംസാരിക്കാൻ ആളൂർ ശ്രമിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ബാർ കൗൺസിലിലും പരാതി നൽകി. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾ അവാസ്തവമാണെന്നും ആളൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.