എവിടേക്കും പോകാം, വീസ ഇല്ലാതെ; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ലഭിച്ചിട്ടുള്ളത് 500പേർക്ക് മാത്രം

Friday 02 February 2024 10:24 AM IST

വല്ലെറ്റ: ഇന്ത്യാക്കാരായ നമുക്ക് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ പാസ്‌പോർട്ട് മാത്രം പോര അവിടേയ്‌ക്കുള്ള വീസ ലഭിക്കണം. ചില രാജ്യങ്ങൾ ഇന്ത്യാക്കാർക്ക് വീസ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ലോകത്തെ മറ്റ് രാജ്യങ്ങളിലെല്ലാം ജോലിക്കോ വിനോദ സഞ്ചാരത്തിനോ പോവുകയാണെങ്കിൽ അവിടുത്തെ വീസ നിർബന്ധമാണ്. എന്നാൽ, ഏതൊരു രാജ്യത്ത് പോയാലും വീസ ആവശ്യമില്ലാത്ത ഒരു പാസ്‌പോർട്ടുണ്ട്. അതാണ് ഓർഡർ ഒഫ് മാൾട്ടയുടെ പാസ്‌പോർട്ട്. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും ഈ പാസ്‌പോർട്ടുള്ളവർക്ക് വീസ ഇല്ലാതെ യാത്ര ചെയ്യാം.

സോവറിൻ മിലിട്ടറി ഓർഡർ ഒഫ് മാൾട്ട ( നൈറ്റ്‌സ് ഒഫ് മാൾട്ട ) എന്നറിയപ്പെടുന്ന പരമാധികാര രാഷ്ട്രത്തിലെ അംഗങ്ങളായ 500പേർക്കാണ് ഈ പാസ്‌പോർട്ടുകൾ നൽകുന്നത്. ലോകത്തെ ഏറ്റവും അപൂർവമായ ഈ പാസ്‌പോർട്ട് ലഭിക്കുന്ന കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട മനുഷ്യസ്‌നേഹികൾ അവരുടെ സ്വന്തം ആവശ്യത്തിനായി ഇത് ഉപയോഗിക്കാറില്ല. 1000 വർഷങ്ങൾക്ക് മുമ്പ് ജെറുസലേമിലാണ് ഈ സംഘടന ആരംഭിച്ചത്. അവിടെ നിന്നാണ് പിന്നീട് ഇവർ മാൾട്ടയിലേക്ക് മാറിയത്. നൂറ്റാണ്ടുകൾ കഴിഞ്ഞ് 1300കളിലാണ് ഓർഡർ ഒഫ് മാൾട്ട അവരുടെ ആദ്യത്തെ പാസ്‌പോർട്ടുകൾ പുറത്തിറക്കിയത്. ഈ പാസ്‌പോർട്ട് അന്ന് 112 രാജ്യങ്ങളാണ് അംഗീകരിച്ചിരുന്നത്. ഇന്ത്യ, ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പാസ്‌പോർട്ടുകളെക്കാൾ ശക്തമാണ് ഓർഡർ ഒഫ് മാൾട്ടയുടേത്. ലോകമെമ്പാടുമുള്ള ജനങ്ങളെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.

ക്രിസ്‌തുവിന്റെ രക്തത്തെ പ്രതിനിധീകരിക്കുന്ന കടും ചുവപ്പ് നിറത്തിലാണ് ഈ പാസ്‌പോർട്ടുള്ളത്. സ്വർണ നിറത്തിലാണ് ഇതിലെ അക്ഷരങ്ങൾ എഴുതിയിരിക്കുന്നത്. "ഓർഡ്രെ സൗവെറൈൻ മിലിറ്റയർ ഡി മാൾട്ടെ" എന്ന എഴുത്തിനൊപ്പം അവരുടെ ചിഹ്നവും ഉണ്ട്. ഒരു ദശാബ്‌ദത്തോളമാണ് ഇതിന്റെ കാലാവധി. 85 വയസ് വരെയാണ് സംഘടനയിലെ അംഗങ്ങളുടെ കാലാവധി. അതുവരെ ഈ പാസ്‌പോർട്ടുകൾ പുതുക്കി നൽകുന്നതാണ്. ഇവയിൽ ചിത്രങ്ങളോ ഉദ്ദരണികളോ പോലുള്ള അധിക അലങ്കാരങ്ങളൊന്നുമില്ല. 44പേജുകളാണുള്ളത്.


സംഘർഷത്തിലോ പ്രകൃതി ദുരന്തങ്ങളിലോ ഇരയായവർക്ക് ആവശ്യമായ മരുന്നുകളും അവശ്യസാധനങ്ങളും ഇവർ എത്തിച്ചുനൽകും . ആശുപത്രികൾ, ആംബുലൻസുകൾ, മെഡിക്കൽ സെന്ററുകൾ, പ്രായമായവർക്കും വികലാംഗർക്കും വേണ്ടിയുള്ള വീടുകൾ, ഭക്ഷണശാലകൾ, പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ തുടങ്ങിയവയും ഇവരുടെ മേൽനോട്ടത്തിൽ നടത്തുന്നുണ്ട്. നിലവിൽ 120 രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇവർ സഹായം എത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, യുകെ, യുഎസ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഈ പാസ്‌പോർട്ട് അംഗീകരിച്ചിട്ടില്ല.