പിരിച്ചുവിടലാണ് അവർക്കുള്ള ശിക്ഷ

Saturday 03 February 2024 12:54 AM IST

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കിരാതകൃത്യം കേരളത്തിന്റെ മനസ്സിൽ വരഞ്ഞ ഉണങ്ങാത്ത മുറിവിനു മീതെ കനൽ കോരിയിടുന്നതായിരുന്നു, തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കുറ്റവിമുക്തനാക്കി വെറുതേവിട്ട കട്ടപ്പന അതിവേഗ പോക്സോ കോടതിയുടെ വിധി. ദൃക്‌സാക്ഷികളില്ലാത്ത ക്രൂരകൃത്യത്തിന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലും, പഴുതുകളില്ലാതെ അന്വേഷണം നടത്തുന്നതിലും പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്ന് അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് കോടതി കണ്ടെത്തിയ, അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ: ടി.ഡി. സുനിൽകുമാറിനെ ആ കോടതി വിധിക്കു പിന്നാലെ സർവീസിൽ നിന്ന് പിരിച്ചുവിടേണ്ടതിനു പകരം, അയാൾക്ക് പേരിനൊരു സസ്‌പെൻഷൻ മാത്രം സമ്മാനിച്ച സർക്കാർ നടപടിയെ സമൂഹ മനസ്സാക്ഷിക്കു നേരെയുള്ള ക്രൂരഹാസ്യമെന്നല്ല, കുറ്റകൃത്യമെന്നു തന്നെ പറയണം.

പീഡനം നടന്നിട്ടുണ്ടെന്നും മരണം കൊലപാതകമാണെന്നുമുള്ള കണ്ടെത്തൽ കോടതി ശരിവച്ചിരുന്നു. അതേസമയം, പ്രതിക്കെതിരെ ചുമത്തിയിരുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാൻ വേണ്ടുന്ന തെളിവുകൾ ശേഖരിച്ച്, കോടതിയിലെത്തിക്കാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ മന:പൂർവമായ വീഴ്ചവരുത്തിയെന്നേ കരുതാനാകൂ. സംഭവം നടന്ന ദിവസം മുതൽ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തിയതെന്ന് വ്യക്തമാണ്. സംഭവസ്ഥലത്ത് ഇയാൾ നേരിട്ട് എത്തിയതുതന്നെ പിറ്റേദിവസമായിരുന്നു. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസ്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കാരണം ഉന്നതങ്ങളിൽ നിന്ന് ഉണ്ടായെന്നു കരുതാവുന്ന സമ്മർദ്ദങ്ങൾക്കു വഴങ്ങി, സംഭവസ്ഥലത്തു നിന്നുള്ള തെളിവുശേഖരണം വൈകിച്ച്, അത്തരം തെളിവുകൾക്കുള്ള സാദ്ധ്യതയടച്ച സി.ഐയുടേത് ഹീനവും ക്രൂരവുമായ കുറ്റകൃത്യം തന്നെയാണ്.

ഇരകൾക്ക്, പ്രത്യേകിച്ച് ഒരു നാരാധമന്റെ കാമവെറിയുടെ നഖമുനകളിൽ കശക്കിയെറിയപ്പെട്ട ഒരു കുഞ്ഞു പെൺപൂവിന് നീതി ഉറപ്പാക്കാൻ പ്രതിക്കെതിരെ സാദ്ധ്യമായ എല്ലാ തെളിവുകളും ശേഖരിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥനാണ് അയാളെ സംരക്ഷിക്കാൻ ലജ്ജയില്ലാതെ തുനിഞ്ഞിറങ്ങിയത്. കുറ്റവാളിയായിത്തന്നെ കരുതേണ്ട ഇയാളെ പൊലീസ് സേനയിൽ നിന്നു പിരിച്ചുവിട്ട് മാതൃകയാവുകയും, അതിലൂടെ സേനയ്ക്ക് ശക്തമായ സന്ദേശം നൽകുകയും ചെയ്യേണ്ടിയിരുന്ന സർക്കാരാണ് മടിച്ചുമടിച്ച്, ഒടുവിൽ ഇയാൾക്ക് പേരിന് ഒരു ലഘുശിക്ഷ നിശ്ചയിച്ചത്. അതുതന്നെ, അന്വേഷണ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടതിനു ശേഷം.

കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയോ ഗുരുതര അച്ചടക്കലംഘനം നടത്തുകയോ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞിരുന്നതാണ്. ആ വഴിക്ക് ഒന്നുരണ്ട് ശിക്ഷാവിധികൾ ആഭ്യന്തര വകുപ്പിൽ ഉണ്ടാവുകയും ചെയ്തതാണ്. വണ്ടിപ്പെരിയാറിലെ പെൺകുഞ്ഞിനോടുള്ള ക്രൂരതയുടെ കാര്യത്തിൽ പക്ഷേ, ഈ നീതിബോധം സർക്കാരിനുണ്ടായില്ല. പ്രതിയെ വെറുതേവിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നുണ്ടെങ്കിലും ദുർബലമായ തെളിവിളുടെ സാഹചര്യത്തിൽ അതുകൊണ്ട് എന്തു പ്രയോജമുണ്ടാകാൻ?

കുറ്റവാളിയെ മറച്ചുപിടിക്കാനുള്ള ശ്രമം, കുറ്റകൃത്യത്തിന് കൂട്ടുനിൽക്കൽ തന്നെയാണ്. മാപ്പർഹിക്കാത്ത ആ പെലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും, വണ്ടിപ്പെരിയാർ കേസിൽ നീതിമാനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ എത്രയും പെട്ടെന്ന് തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തെങ്കിലേ മനസ്സാക്ഷിയുള്ളവരുടെ വേദനയ്ക്ക് അല്പമെങ്കിലും ശാന്തിയാകൂ. കൊല്ലത്ത്, പറവൂർ മുൻസിഫ് കോടതിയിൽ എ.പി.പി ആയിരുന്ന അനീഷ്യയെന്ന യുവതിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ രണ്ട് ജുഡിഷ്യൽ ഉദ്യോഗസ്ഥരെയും ആഭ്യന്തര വകുപ്പ് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ജുഡിഷ്യറിയിൽത്തന്നെ ഇത്തരം പുഴുക്കുത്തുകളുള്ളപ്പോൾ രാഷ്ട്രീയാതിപ്രസരം കൂടുതലുള്ള മറ്റു വകുപ്പുകളുടെ സ്ഥിതി പറയേണ്ടതില്ല. പിരിച്ചുവിടലിൽ കുറഞ്ഞ ഏതു ശിക്ഷയും ഇവരുടെ കാര്യത്തിലും ആനുകൂല്യമേ ആകൂ. അടിച്ചുതളിയല്ല; ഇത്തരം കേസുകളിൽ വേണ്ടത് ശുദ്ധികലശമാണ്.