മെഡിക്കൽ കോളേജ് വികസനം: 717 കോടിയുടെ മാസ്റ്റർ പ്ലാൻ നടപ്പാക്കും

Saturday 03 February 2024 12:43 AM IST

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിന് തയ്യാറാക്കിയ 717 കോടിയുടെ മാസ്റ്റർപ്ലാനിലുള്ള പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ പറഞ്ഞു.ആദ്യ പദ്ധതിയായി ഫ്ലൈഓവറും അനുബന്ധ റോഡും പൂർത്തീകരിച്ചു. എയർപോർട്ട് അതോറിട്ടിയുടെ അനുമതിയോടെ എം.എൽ.ടി ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു.ഇതിന് 194കോടി രൂപയുടെ സാമ്പത്തികാനുമതി നൽകി. സർജിക്കൽ ബ്ലോക്ക് നിർമ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി. മൾട്ടി ലെവൽ കാർ പാർക്കിംഗ് അടക്കമുള്ള പദ്ധതികൾ സാമ്പത്തിക അനുമതിക്കായി ധനവകുപ്പിന് കൈമാറിയെന്നും കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.ഈ സർക്കാരിന്റെ കാലയളവിൽ 50ശതമാനം പണിയെങ്കിലും പൂർത്തീകരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. സബ്മിഷനുള്ള മറുപടി സഭയുടെ മേശപ്പുറത്ത് വച്ചാൽ മതിയെന്ന് സ്പീക്കർ എ.എൻ.ഷംസീർ നിർദ്ദേശിച്ചപ്പോൾ, പ്രധാനപ്പെട്ട പോയിന്റുകൾ പറയണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വീണാ ജോർജ്ജ് കടകംപള്ളിക്കുള്ള മറുപടി സഭയിൽ വായിക്കുകയായിരുന്നു. വിശദമായ മറുപടി മേശപ്പുറത്ത് വച്ചു.

Advertisement
Advertisement