'​ത​മി​ഴ​ക​ ​വെ​ട്രി​ ​ക​ഴ​കവുമായി​" വി​ജയ്,​ ആദ്യമത്സരം 2026ൽ  നിയമസഭയിലേക്ക്

Saturday 03 February 2024 12:00 AM IST

ഒരു കോടി അംഗങ്ങളെ ചേർക്കാൻ ആപ്പ് ഇറക്കും

ചെന്നൈ: പ്രതീക്ഷിച്ചതുപോലെ തമിഴ് സൂപ്പർതാരം വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു 'തമിഴക വെട്രി കഴകം".

മലയാളത്തിൽ പറഞ്ഞാൽ, തമിഴക വിജയ പാർട്ടി. നാല്പത്തിയൊൻപതുകാരനായ വിജയ് പാർട്ടിയുടെ പ്രസിഡന്റാണ്. ഏറ്റെടുത്ത സിനിമകളിലെ അഭിനയം കഴിഞ്ഞാൽ, പൂർണമായും രാഷ്ട്രീയത്തിലിറങ്ങും.

2026ൽ നിയമസഭയിലേക്കായിരിക്കും ആദ്യമത്സരം.

അടുത്തു നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം, കൊടി, ചിഹ്നം, കർമ്മ പദ്ധതി എന്നിവ അവതരിപ്പിക്കും.

'വിജയ് മക്കൾ ഇയക്കം" ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനു പിന്നാലെ, വിജയ് പാർട്ടിയുടെ പേരും നയവും വാർത്താകുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ആരാധകർ തെരുവിൽ ആഘോഷം തുടങ്ങി. മധുരവിതരണം നടത്തി.

ജാതിമത ഭിന്നതയും അഴിമതിയും നിലനിൽക്കുന്ന അവസ്ഥയെ പൂർണമായും തന്റെ പാർട്ടി ഇല്ലാതാക്കുമെന്ന് വിജയ് വ്യക്തമാക്കി.

മൊബൈൽ ആപ്പ് ഉടൻ പുറത്തിറക്കും. ആപ്പിലൂടെ പാർട്ടി അംഗമാവാം. ഒരു കോടി ആളുകളെ അംഗമാക്കുകയാണ് ആദ്യ ലക്ഷ്യം. ഏപ്രിലിൽ സമ്മേളനം നടത്തും.

സംസ്ഥാന-കേന്ദ്ര സർക്കാരുകളെ വിജയ് വിമർശിച്ചു. ഭരണപരമായ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ രാഷ്ട്രീയ സംസ്‌കാരം ഒരു വശത്തും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്‌കാരം മറുവശത്തുമാണ്. നമ്മുടെ ഐക്യത്തിന് വിഘ്നം വരുത്തുന്നതാണ് രാഷ്ട്രീയ ചുറ്റുപാടെന്ന് വിജയ് ചൂണ്ടിക്കാട്ടി.

ജനുവരി 26ന് വീട്ടിൽ ചേർന്ന വിജയ് മക്കൾ ഇയക്കം പ്രധാന ഭാരവാഹികളുടെ യോഗത്തിലാണ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ വിജയ് അന്തിമ തീരുമാനം കൈക്കൊണ്ടത്. പിന്നീട് 200 അംഗ ജനറൽ കൗൺസിൽ യോഗവും ചേർന്നു. ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ഇന്നും യോഗം ചേരുന്നുണ്ട്.

നാൻ വരവാ, ഇറങ്ങി വരവാ...

രാഷ്ട്രീയ പ്രവേശനത്തിനുള്ള പ്രഖ്യാപനമായിരുന്നു ലിയോ സിനിമയിലെ 'നാൻ വരവാ... ഇറങ്ങി വരവാ..." എന്ന ഗാനം. വിജയുടെ പിറന്നാളായ ജൂൺ 22നായിരുന്നു ആ ഗാനത്തിന്റെ റിലീസ്. ജന്മനാളിന് മുൻപ് ചെന്നൈയിൽ വിജയ് നേരിട്ട് തമിഴ്നാട് ബോർഡ് പരീക്ഷകളിലെ വിജയികളെ ആദരിച്ചത് വലിയ വാർത്തയായിരുന്നു.

1.അനുകൂലം

ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാ ഡി.എം.കെ തളർന്നു.

‌ഡി.എം.കെയുടെ ഭരണ വിരുദ്ധ വികാരത്തെ മുതലെടുത്ത് മുന്നേറാനാകും

ബി.ജെ.പി കരുത്ത് കാട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അധികം മുന്നേറാനാകില്ല

2.പ്രതികൂലം

എം.ജി.ആറാണ് സിനിമയിൽ നിന്നെത്തി രാഷ്ട്രീയത്തിൽ മഹാവിജയം നേടിയത്. അത്രയും സ്വീകാര്യത മറ്റാർക്കും കിട്ടിയിട്ടില്ല

ഒരു മുന്നേറ്റം നടത്തിയ വിജയകാന്തിന്റെ പാർട്ടി പിന്നീട് തകർന്നു

കമലഹാസനുപോലും തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല.

''സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സമ്പൂർണ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിന് രാഷ്ട്രീയ ശക്തി ആവശ്യമാണ്."" -വിജയ്