'അവഞ്ചേഴ്‌സും  എൻഡ്  ഗെയിമും ഹിറ്റായതിന് കാരണം ഇന്ത്യക്കാ‌‌ർ സൂപ്പർ ഹീറോകളായതിനാൽ'; ഫെെറ്റർ ചിത്രത്തിന്റെ സംവിധായകന് എതിരെ ട്രോൾ മഴ

Saturday 03 February 2024 8:18 PM IST

ഹൃത്വിക് റോഷൻ നായകനായെത്തി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ 'ഫെെറ്റർ'. ചിത്രം ബോക്‌സ് ഓഫീസിൽ 150 കോടി പിന്നിട്ടിരുന്നു. ദീപിക പദുകോൺ, അനിൽ കപൂർ, കരൺസിംഗ് ഗ്രോവർ, അക്ഷയ് ഒബ്റോയ്, സഞ്ജിത ഷെയ്‌ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

എന്നാൽ ഇപ്പോൾ ചിത്രത്തെ ചുറ്റിപറ്റി ചില വിവാദങ്ങളും ഉയരുന്നുണ്ട്. രാജ്യത്തെ 90ശതമാനം ആളുകളും വിമാനത്തിൽ കയറിയിട്ടില്ലെന്നും അതിനാലാണ് ഫെെറ്റർ ചിത്രം വലിയ രീതിയിൽ വിജയിക്കാത്തതെന്നും അടുത്തിടെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. പലരും ഇതിനെതിരെ തമാശ രീതിയിൽ ട്രോൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നുണ്ട്. സ്‌പെെഡർമാൻ ഹിറ്റായി, കാരണം 90ശതമാനം ഇന്ത്യയിലെ ജനങ്ങളും ബസിലോ ട്രെയിനിലോ അല്ല വലയിൽ പിടിച്ചായിരുന്നു പോയിരുന്നത് എന്നതരത്തിലുള്ള പരിഹാസങ്ങളാണ് പല കോണുകളിൽ നിന്ന് ഉയരുന്നത്.

അവഞ്ചേഴ്‌സും എൻഡ് ഗെയിമും ഹിറ്റായതിന് കാരണം 90 ശതമാനം ഇന്ത്യക്കാരും സൂപ്പർ ഹീറോകളായിരുന്നതിനാലാണെന്നും ചിലർ പ്രതികരിച്ചു. ഇത്തരത്തിൽ നിരവധി പ്രതികരണങ്ങളാണ് എക്സ് പേജിൽ ഓരോരുത്തരും പങ്കുവക്കുന്നത്.

'നമ്മുടെ നാട്ടിലെ ഏകദേശം 90ശതമാനം ആളുകളുംവിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ലാത്തവരാണ്. അങ്ങനെയുള്ളവർ ആകാശത്ത് സംഭവിക്കുന്നത് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെ. രാജ്യത്ത് പാസ്പോർട്ട് ഉള്ള എത്രപേർ വിമാനത്തിൽ കയറിയിട്ടുണ്ടാകും. അങ്ങനെയുള്ളവർക്ക് വിമാനങ്ങൾ തമ്മിലുള്ള ആക്ഷൻ രംഗങ്ങൾ കാണുമ്പോൾ ഒന്നും മനസിലാകില്ല.' - സിദ്ധാർത്ഥ് ആനന്ദ് പറഞ്ഞത്.