മദ്യപിച്ച് ലക്കുകെട്ട് അദ്ധ്യാപകൻ സ്കൂളിലെത്തി; വീഡിയോ പകർത്തി വിദ്യാർത്ഥി, ഒടുവിൽ സസ്പെൻഷൻ

Sunday 04 February 2024 8:04 PM IST

ഭോപ്പാൽ: മദ്യപിച്ച് സ്‌കൂളിലെത്തിയ അദ്ധ്യാപകന് സസ്പെൻഷൻ. മദ്ധ്യപ്രദേശ് ജബൽപൂരിലാണ് സംഭവം. രാജേന്ദ്ര നേതം എന്ന് അദ്ധ്യാപകനെയാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയിൽ സസ്പെൻഡ് ചെയ്തത്. നേരത്തെയും ഇയാൾ സ്കൂളിൽ മദ്യപിച്ചെത്തിയിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ മദ്യലഹരിയിൽ സ്കൂളിലെത്തിയ രാജേന്ദ്ര നേതം, എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യാതെ സ്കൂളിലെ പടിയിൽ ഇരിക്കുന്ന വീഡിയോ വിദ്യാർത്ഥികളിൽ ഒരാൾ മൊബെെൽ പക‌ർത്തി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിച്ചത്.

അമിതമായി മദ്യപിച്ചെത്തിയ അദ്ധ്യപകൻ പടിയിൽ ഇരിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അദ്ധ്യാപകനെതിരെ പരാതിയുമായി സ്കൂളിലെത്തിയിരുന്നു. ഇതിന് മുൻപും ഈ അദ്ധ്യാപകനെതിരെ സ്‌കൂൾ അധികൃതർക്ക് പലപ്പോഴും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ചില വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നത് പോലും നിർത്തിയിരുന്നു.

ഇതിനിടെയാണ് വീഡിയോ വെെറലായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. അദ്ധ്യാപകനെ സസ്പെൻഡ് ചെയതതായി ജബൽപൂർ കളക്ടർ സ്ഥിരീകരിച്ചു. വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട അദ്ധ്യാപകൻ ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇത്തരത്തിൽ പെരുമാറുന്ന മറ്റ് അദ്ധ്യാപകർക്കും ഇത് മുന്നറിയിപ്പാണെന്നും അധികൃതർ അറിയിച്ചു.