സിംഹമോ കടുവയോ ആനയോ അല്ല കാട്ടിലെ ഏറ്റവും ഭയപ്പെടേണ്ട ജീവി, കടിയുടെ ബലത്തിൽ തിമിംഗലത്തിന്റെ തലയോട്ടി തകരും

Monday 05 February 2024 4:59 PM IST

കാട്ടിൽ ഏറ്റവും അധികം ഭയക്കേണ്ട ജീവി സിംഹമോ കടുവയോ പുലിയോ കാട്ടുപോത്തോ ഒന്നുമല്ല. പിന്നെന്താ ആനയാണോ എന്ന് ചോദിച്ചാൽ അല്ല എന്നുതന്നെയാണ് ഉത്തരം. കരടിയാണ് കാട്ടിലെ യഥാർത്ഥ വില്ലൻ. മനുഷ്യനെ പോലെ എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന ജീവിയാണ് കരടി. ഏറ്റവും ഭയക്കേണ്ട ജീവികളിലൊന്ന് എന്ന വിശേഷണം പല വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരും കരടിക്ക് ചാർത്തിനൽകിയിട്ടുണ്ട്.

കരടിയുടെ മുന്നിൽ പെട്ടാൽ രക്ഷപ്പെടുക ദുഷ്‌‌കരമാണ്. അഥവാ രക്ഷപ്പെട്ടാലും ജീവച്ഛവമാക്കി മാത്രമേ കരടി ഇരയെ ഉപേക്ഷിക്കൂ. കരടിയുടെ നഖത്തിന് കഠാരയേക്കാൾ മൂർച്ചയുണ്ട്. ഇരയുടെ മുഖം മാന്തിപ്പൊളിക്കും. കരടി അക്രമിച്ച എത്രയോ മനുഷ്യരുടെ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.

മനുഷ്യനെ ആക്രമിക്കും, പക്ഷേ ഭക്ഷിക്കാറില്ല

കടുവയെ പോലെ മനുഷ്യനെ ആക്രമിച്ച് ഭക്ഷിക്കുന്നവരല്ല കരടികൾ. കേരളത്തിൽ കാണപ്പെടുന്ന കരടികൾ താരതമ്യേന ആകാരത്തിൽ ചെറുതാണ്. സ്ളോത്ത് ബെയർ എന്ന് വിളിക്കുന്ന ഇവ മിശ്രഭുക്കുകളാണ്. ചിതലുകൾ, ഉറുമ്പുകൾ എന്നിവയാണ് കരടിയുടെ പ്രധാന ഭക്ഷണം. മണ്ണിനടിയിലെ ചിതൽപ്പുറ്റുകൾ മണത്തറിഞ്ഞ് കണ്ടെത്തി, അവ മാന്തിപ്പൊളിച്ചാണ് ഭക്ഷിക്കുക. അതിന് സഹായകമാകുന്ന കരുത്തുറ്റ കൈകകളും നഖങ്ങളും കരടിയുടെ പ്രത്യേകതയാണ്. എന്നാൽ കൗതുകകരമായ മറ്റൊരു കാര്യമെന്തെന്നാൽ ചിതൽപ്പുറ്ര്, ഉറുമ്പിൻകൂട്ടം എന്നിവയെ വാക്വം ക്ളീനർ വലിച്ചെടുക്കുന്ന പോലെ നീണ്ട ചുണ്ടുകൊണ്ട് കരടി വലിച്ചെടുക്കും. അത്തരത്തിൽ ചിതൽപ്പുറ്റും മറ്റും വലിച്ചെടുക്കുമ്പോൾ മൂക്കിലേക്ക് കയറാൻ സാദ്ധ്യയുണ്ടല്ലോ എന്ന ചോദ്യം സ്വാഭാവികമാണ്. എന്നാൽ അതിനും കരടിയെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. എങ്ങിനെയെന്നാൽ കണ്ണ് അടക്കാൻ കഴിയുന്നത് പോലെ മൂക്ക് അടക്കാനുള്ള കഴിവും കരടിക്കുണ്ട്. പ്രാണികളെ പിടിക്കുമ്പോൾ ഇവ മൂക്ക് അടച്ച് പിടിച്ചാണ് ഭക്ഷിക്കുന്നത്. കൂടാതെ, അഴുകിയതും ജീർണിച്ചതുമായ ശവഭാഗങ്ങളും കരടിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

മല്ലന്റെയും മാതേവന്റെയും കഥ

കുട്ടിക്കാലത്ത് കേട്ട മല്ലന്റെയും മാതേവന്റെയും കഥയിലെ കരടിയെ ഓർമ്മയില്ലേ? കരടിയെ കണ്ട് ഓടിയ മല്ലൻ മരത്തിൽ കയറിയപ്പോൾ മാതേവൻ ചത്തത് പോലെ തറയിൽ കിടന്നതും, തുടർന്ന് കരടി വന്ന് മണത്ത് നോക്കി ജീവനില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ മാതേവനെ ഒവിവാക്കി പോയി എന്നാണ് ഗുണപാഠകഥ. എന്നാൽ യാഥാർത്ഥ്യവുമായി ഈ കഥയ‌്ക്ക് ഒരു ബന്ധവുമില്ല. ആദ്യം പറഞ്ഞതുപോലെ മനുഷ്യനെ കരടികൾ ഭക്ഷിക്കാറില്ല. പലപ്പോഴും ഒഴിഞ്ഞുമാറുകയാണ് പതിവ്. പെട്ടെന്ന് മുന്നിൽ വന്ന് പെടുമ്പോഴാണ് അവ ആക്രമിച്ച് ഓടിപ്പോവുക.

കടുവയ‌്ക്ക് പോലും ഭയം

ഓട്ടത്തിൽ പിന്നിലാണെങ്കിലും ശാരീരികമായി നല്ല കരുത്തരാണ് കരടികൾ. കായിക ശക്തി തന്നെയാണ് കരടിയുടെ അതിജീവനത്തിന് ആധാരം. വളരെ ശക്തിയുള്ള നഖങ്ങൾ ഉപയോഗിച്ച് മാരകമായി എതിരാളിയെ മുറിവേൽപ്പിക്കും. അതുകൊണ്ട് തന്നെ കടുവകൾ പോലും മുതിർന്ന കരടിയോട് എതിരിടാൻ നിൽക്കാറില്ല. എന്നാൽ കരടിക്കുഞ്ഞുങ്ങളെ കടുവകൾ ഭക്ഷണമാക്കാറുമുണ്ട്. കരടി വർഗത്തിലെ മറ്റൊരു വിഭാഗമായ ഹിമക്കരടിയുടെ ബൈറ്റ് ഫോഴ്‌സ് (കടിയുടെ ആവേഗം) 1200 പിഎസ്ഐ ആണ്. അതായത് ഒരു തിമിംഗലത്തിന്റെ തലയോട്ടി അനായാസമായി പൊട്ടിക്കാം എന്നർത്ഥം.

Advertisement
Advertisement