എസ് എഫ് ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, പണം തട്ടിയെടുത്തു, ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

Monday 05 February 2024 7:42 PM IST

കൊല്ലം: എസ് എഫ് ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും 9 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം സ്വദേശിയും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധനനിയമം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്.

2022 ഒക്ടോബറിൽ എസ്.എഫ്.ഐയുടെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കാണുന്നതും അടുപ്പത്തിലാകുന്നതും. വിവാഹം കഴിക്കാമെന്ന് വിശാഖ് പെൺകുട്ടിക്ക് ഉറപ്പ് നൽകിയിരുന്നു. പിന്നീട് പലപ്പോഴായി പലവിധ ആവശ്യങ്ങൾക്കെന്ന പേരിൽ ഒമ്പത് ലക്ഷം രൂപ പെൺകുട്ടി സ്കൂൾ അദ്ധ്യാപികയായ അമ്മയുടെ ഗൂഗിൾ പേ വഴി കൈമാറിയിരുന്നു. വിശാഖിന്റെ ബുള്ളറ്റിന്റെ തവണകൾ പെൺകുട്ടിയെ കൊണ്ട് അടപ്പിച്ചു. മാല പണയം വയ്ക്കാൻ വാങ്ങുകയും അതിന്റെ പണം പെൺകുട്ടിയെ കൊണ്ട് അടപ്പിച്ചും കബളിപ്പിച്ചു. മൂന്ന് ലക്ഷം രൂപ നേരിട്ടും കൈമാറിയെന്ന് പെൺകുട്ടി മൊഴി നൽകി. വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസിൽ അടിപിടി കേസുണ്ട്,​. മറ്റൊരു പെൺകുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് പെൺകുട്ടി ശനിയാഴ്ച പൊലീസിൽ പരാതി നൽകിയത്.

ബലാത്സംഗം,​ പട്ടികജാതി പീഡനം,​ വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വിശാഖിനെതിരെയുള്ള സമാനമായ മറ്റൊരു കേസ് ഒത്തുതീർന്നിരുന്നു.