'വിവാഹത്തിലൂടെ അമ്മയായാൽ മതി, പാശ്ചാത്യ രീതി വേണ്ട'; അവിവാഹിതയുടെ ഹർജിയിൽ സുപ്രീം കോടതിയുടെ വിമർശനം
ന്യൂഡൽഹി: വിവാഹത്തിലൂടെയല്ലാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ രീതി അംഗീകരിക്കാനാവില്ലെന്നും വിവാഹമെന്ന സംവിധാനം രാജ്യത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സുപ്രീം കോടതി. വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുമതി ആവശ്യപ്പെട്ട് ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരിയായ 44കാരി നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഹർജിക്കാരി അവിവാഹിതയാണ്.
അഭിഭാഷകനായ ശ്യാംലാൽ മുഖേനയാണ് യുവതി ഹർജി സമർപ്പിച്ചത്. വാടക ഗർഭധാരണ നിയമത്തിലെ സെക്ഷൻ 2(എസ്) ചോദ്യം ചെയ്തുകൊണ്ടായിരുന്നു 44കാരി ഹർജി സമർപ്പിച്ചത്. 35നും 45നും ഇടയിൽ പ്രായമുള്ള വിവാഹമോചിതയോ വിധവയോ ആയ സ്‌ത്രീക്കാണ് വാടക ഗർഭധാരണത്തിന് ഇന്ത്യൻ നിയമം അനുവദിക്കുന്നത്. അവിവാഹിതരായ സ്‌ത്രീകൾക്ക് വാടക ഗർഭധാരണത്തിലൂടെ അമ്മയാകാനുള്ള അനുമതി നിയമം അനുശാസിക്കുന്നില്ല.
ഇന്ത്യൻ നിയമപ്രകാരം ഹർജിക്കാരിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിവാഹത്തിന് പുറത്ത് അവിവാഹിതയായ സ്‌ത്രീ കുഞ്ഞിനെ പ്രസവിക്കുന്നത് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
'വിവാഹം എന്ന സംവിധാനത്തിനുള്ളിൽ നിന്ന് അമ്മയാവുക എന്നതാണ് രാജ്യത്ത് പിന്തുടരുന്ന രീതി. വിവാഹത്തിന് പുറത്ത് അമ്മയാകുന്നത് ഞങ്ങളെ ആശങ്കയിലാക്കുന്നു. കുട്ടിയുടെ ക്ഷേമം മുന്നിൽ കണ്ടാണ് നമ്മൾ സംസാരിക്കുന്നത്. രാജ്യത്ത് വിവാഹം എന്ന സംവിധാനം നിലനിൽക്കേണ്ടതില്ലേ? വിവാഹം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിങ്ങൾക്ക് ഞങ്ങളെ യാഥാസ്ഥിതികരെന്ന് വിളിക്കാം, ഞങ്ങളത് അംഗീകരിക്കുന്നു'- കോടതി വ്യക്തമാക്കി.
അമ്മയാകാൻ മറ്റ് വഴികൾ തേടാം. വിവാഹിതയാവുകയോ കുഞ്ഞിനെ ദത്തെടുക്കുകയോ ചെയ്യാമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഹർജിക്കാരി വിവാഹിതയാകാൻ ആഗ്രഹിക്കുന്നില്ലെന്നും ദത്തെടുക്കുന്നതിന് വളരെയധികം കാലതാമസം നേരിടുമെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ 44ാം വയസിൽ വാടക ഗർഭധാരണത്തിലൂടെ ലഭിച്ച കുഞ്ഞിനെ ഒറ്റയ്ക്ക് പരിപാലിക്കുന്നത് ക്ളേശകരമാണെന്ന് കോടതി നിരീക്ഷിച്ചു. അവിവാഹിതയായിരിക്കാനാണ് ഹർജിക്കാരി ആഗ്രഹിക്കുന്നത്. നമ്മൾ സമൂഹത്തെക്കുറിച്ചും വിവാഹമെന്ന ആശയത്തെക്കുറിച്ചും ആകുലരാണ്. അമ്മയാരെന്നോ അച്ഛനാരെന്നോ അറിയാത്ത അനേകം കുഞ്ഞുങ്ങളുള്ള പാശ്ചാത്യ രാജ്യങ്ങളെപോലെയല്ല നമ്മൾ. മാതാപിതാക്കളാരെന്ന് അറിയാതെ കുട്ടികൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. ശാസ്ത്രം വളർന്നെങ്കിലും സാമൂഹിക രീതികൾ മാറിയിട്ടില്ല. അത് നല്ലതിനുവേണ്ടിയുമാണെന്ന് കോടതി പറഞ്ഞു.
ഗർഭധാരണ നിയമം വിവേചനപരവും യുക്തിരഹിതവുമാണെന്ന് യുവതി ഹർജിയിൽ വാദിച്ചു. ഇത് മൗലിക അവകാശത്തെ തടയുന്നുവെന്ന് മാത്രമല്ല, കുടുംബമായി കഴിയാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെയും പ്രത്യുൽപാദന അവകാശങ്ങളെയും ലംഘിക്കുന്നതാണെന്നും യുവതി ചൂണ്ടിക്കാട്ടി. ഹർജിയിൽ മറ്റൊരു ദിവസം വാദം കേൾക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കോടതി.