പഠിക്കാതെ പരീക്ഷയെഴുതാമെന്നത് ഇനി സ്വപ്‌നം മാത്രം; 'അടവ്' കാണിച്ചാൽ പത്ത് വർഷം ജയിലിൽ കിടക്കണം, പിഴ ഒരു കോടി

Tuesday 06 February 2024 4:15 PM IST

സ്കൂൾ കാലം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന ഒന്നാണ് പരീക്ഷകൾ. കോളേജ് എൻട്രൻസ്, ജോലിക്ക് വേണ്ടിയുള്ള പരീക്ഷകൾ, ഇനി ജോലിയുള്ളവരാണെങ്കിൽ പ്രൊമോഷന് വേണ്ടിയുള്ള പരീക്ഷകൾ അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിരവധി തവണ പരീക്ഷകൾ എഴുതി പാസാകേണ്ട സന്ദ‌ർഭങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, കുറച്ച് നാളുകളായി പരീക്ഷയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാർത്തകൾ നമ്മൾ കേട്ടുവരികയാണ്.

ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷയിൽ കൃത്രിമം കാട്ടുക, ഉത്തര കടലാസുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് പരീക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആത്മാർത്ഥമായി പഠിച്ച് പരീക്ഷ എഴുതുന്നവരെ ഇത് വലിയ രീതിയിലാണ് ബാധിക്കുന്നത്. ഇക്കാരണത്താൽ തന്നെ അന്യായമായ മാർഗങ്ങൾ തടയുന്നതിന് വേണ്ടിയുള്ള ബില്ല് കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട കൃത്രിമങ്ങൾ തടയാൻ ബീഹാർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ചില നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഇതിന് പുറമേ കേന്ദ്രം ഇക്കാര്യത്തിൽ ശക്തമായ നിയമം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

കരട് ബില്ലിൽ ഉൾപ്പെടുന്ന കാര്യങ്ങൾ

ചോദ്യപേപ്പർ ചോർത്തുന്നത് വ്യക്തികളോ വിദ്യാർത്ഥികളോ ആണെങ്കിൽ അവർക്ക് ഏറ്റവും കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ബില്ലിൽ പറഞ്ഞിട്ടുള്ളത്. കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് പരമാവധി പത്ത് വർഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. കൂടാതെ ഒരു കോടി രൂപ പിഴയടക്കേണ്ടിയും വരും.

ഇനി പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ അവർക്ക് ഒരു കോടി രൂപയും, നടത്തിയ പരീക്ഷയ്‌ക്ക് ചെലവായ മുഴുവൻ തുകയും ഇവരിൽ നിന്നും ഈടാക്കുന്നതുമാണ്. നാല് വർഷത്തേക്ക് പൊതു പരീക്ഷ നടത്തുന്നതിൽ നിന്ന് ആ സ്ഥാപനത്തെ വിലക്കുകയും ചെയ്യും.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി), റെയിൽവേ, ബാങ്കിംഗ്, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇറ്റി), നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് ടെസ്റ്റ് (ജെഇഇ), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) തുടങ്ങി എല്ലാ പരീക്ഷകളും ഈ ബില്ലിന് കീഴിൽ വരും. ''പൊതു പരീക്ഷാ സമ്പ്രദായങ്ങളിൽ കൂടുതൽ സുതാര്യതയും നീതിയും വിശ്വാസ്യതയും കൊണ്ടുവരാനും യുവാക്കളുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് ഫലം കണ്ട് അവരുടെ ഭാവി സുരക്ഷിതമാക്കാനും ഈ ബില്ല് സഹായിക്കും.''- ബില്ല് അവതരിപ്പിച്ചുകൊണ്ട് ശാസ്ത്ര സാങ്കേതിക മന്ത്രാലയ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

പരീക്ഷകളിൽ സുതാര്യത മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത

ബില്ല് പ്രകാരം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനും പ്രവേശനത്തിനും വേണ്ടിയുള്ള പരീക്ഷകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ചിലർ കൃത്രിമം കാണിച്ചതിന്റെ പേരിൽ പല സംസ്ഥാനങ്ങൾക്കും അവർ നടത്തിയ പൊതു പരീക്ഷാ ഫലങ്ങൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ചില ചോദ്യപേപ്പർ ചോർന്ന സംഭവങ്ങൾക്ക് പിന്നിൽ വലിയ മാഫിയ തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. നമ്മുടെ രാജ്യത്തുള്ള ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ളവരെ തടയാനും ഈ നിയമം വരുന്നതിലൂടെ സാധിക്കുമെന്നും ബില്ലിൽ പറയുന്നു.

ബില്ലിന്റെ പ്രസക്തി

രാജസ്ഥാനിൽ വ്യാപകമായ പരീക്ഷാ പേപ്പർ ചോർച്ച ഉണ്ടായത് തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു. ഇതോടെ ക്രമക്കേടുകൾ തടയാൻ പുതിയ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പത്ത് വർഷം തടവ് എന്നതിൽ നിന്ന് ഇവർക്കുള്ള ശിക്ഷ ജീവപര്യന്തം വരെയാക്കി ഉയർത്തുന്നതിനുള്ള ബില്ല് 2023 ജൂലായിൽ നിയമസഭ പാസാക്കി. അതുപോലെ, ഗുജറാത്ത്, യു പി സർക്കാരുകളും കഴിഞ്ഞ വർഷം കർശനമായ ശിക്ഷയും ഒരു കോടി രൂപ പിഴയും എന്ന നിയമം കൊണ്ടുവന്നിരുന്നു. ഇത്തരത്തിൽ നിയമം ശക്തമാക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള മാറ്റമാണ് ഈ സംസ്ഥാനങ്ങളിൽ വന്നിട്ടുള്ളത്. അതിനാൽ തന്നെ രാജ്യത്തുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകും എന്ന നിലയിൽ പരീക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കേന്ദ്രം ശക്തമായ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

Advertisement
Advertisement