മണൽ മൂടുന്ന മുതലപ്പൊഴി അഴിമുഖം; മത്സ്യത്തൊഴിലാളികൾക്ക് ഭീഷണി

Wednesday 07 February 2024 1:02 AM IST

ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് മണൽ നീക്കം നിലച്ചിട്ട് ആഴ്ചകളാവുന്നു. അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണൽ അടിയന്തരമായി നീക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യമിപ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഒരു എക്സ്കവേറ്റർ ഉപയോഗിച്ചുളള മണൽ നീക്കമാണ് ഇവിടെ നടന്നിരുന്നത്. എന്നാൽ അത് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണൽ നീക്കം നിലച്ചത്. ജനുവരിയിൽ നടന്ന മുതലപ്പൊഴി അവലോകനയോഗത്തിലടക്കം ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം വേഗത്തിൽ പൂർത്തിയാക്കണമെന്ന് മന്ത്രിയടക്കമുളളവർ അദാനി ഗ്രൂപ്പിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഈ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെടാത്തതിൽ കടുത്ത ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. മണൽ അടിഞ്ഞുകൂടുന്നത് തുടർന്നാൽ മത്സ്യബന്ധനത്തെ തന്നെ കാര്യമായി ബാധിക്കുമെന്നും അത് അപകടങ്ങളെ ക്ഷണിച്ചുവരുത്തുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

 അപകടങ്ങൾക്ക് വഴിയൊരുക്കുന്നു

2021ലാണ് ഇവിടെ അവസാനമായി ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം നടത്തിയത്. ആ വർഷം അപകടങ്ങളും കുറവായിരുന്നു. അഴിമുഖത്ത് മണൽ അടിഞ്ഞുകൂടുന്നത് അടിക്കടിയുള്ള അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. 2023ൽ 29 അപകടങ്ങളും നാലു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. തെക്കേ പുലിമുട്ട് തീരത്ത് അടിഞ്ഞുകൂടിയ മണ്ണ് ലോറിയിൽ കയറ്റി താഴംപള്ളി ഭാഗത്തെ തീരശോഷണമുളള ഭാഗത്ത് നിക്ഷേപിക്കാൻ തീരുമാനമായെങ്കിലും ആ പദ്ധതിയും ഇതുവരെ ഫലപ്രാപ്തിയിലെത്തിയില്ല. അഴിമുഖത്ത് വടക്കേ പുലിമുട്ട് ഭാഗത്ത് കൂടി മാത്രമാണ് ബോട്ടുകൾ നിലവിൽ കടലിലേക്ക് പോകുന്നത്. തെക്കെ പുലിമുട്ടിന്റെ ഭാഗത്ത് മണൽത്തിട്ട പുറത്ത് കാണാവുന്ന വിധത്തിൽ രൂപപ്പെട്ടുവരികയാണ്. അഴിമുഖം ഭാഗത്ത് ആറു മീറ്റർ താഴ്ച വേണ്ടിടത്ത് പലയിടത്തും രണ്ടുമീറ്റർ മാത്രമേയുളളൂ. അഴിമുഖത്തെ പാറക്കഷണങ്ങൾ നീക്കം ചെയ്തത് മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസം നൽകി.

Advertisement
Advertisement