റിയാസിനെതിരെ വിമർശനം ഉയർന്നിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ

Wednesday 07 February 2024 1:54 AM IST

പാലക്കാട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രചരിക്കുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണ്. കൂടാതെ ബഡ്ജറ്റിൽ അതൃപ്തിയറിയിച്ച് സി.പി.ഐ മന്ത്രിമാർ കത്തുകൊടുത്ത സംഭവം അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കസേരയെടുത്ത് അടിച്ചുവെന്ന് പറയാമായിരുന്നു: മന്ത്രി റിയാസ്

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തനിക്കെതിരെ വിമർശനമുയർന്നുവെന്ന വാർത്തകൾ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. അത് അസംബന്ധ വാർത്തയാണെന്ന് പാർട്ടി സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് തനിക്കും പറയാനുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. വാർത്ത തികച്ചും അസംബന്ധമാണ്. മാദ്ധ്യമങ്ങൾക്ക് കുറച്ചു കൂടി കളർ ഫുൾ ആയി വാർത്ത കൊടുക്കാമായിരുന്നു. കസേരയെടുത്ത് പൊക്കി റിയാസിനെ അടിച്ചു, എന്നിട്ടും അത്ഭുതമായി രക്ഷപ്പെട്ടു എന്ന് കൊടുക്കാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

സ്‌മാർട് സിറ്റി റോഡ് വിവാദത്തിൽ റിയാസിന്റെ പരാമർശം അപക്വമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നെന്നായിരുന്നു ചാനൽ വാർത്തകൾ.