കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസ്; മുഖ്യപ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി
കൊച്ചി: കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ റിയാസ് അബൂബക്കർ കുറ്റക്കാരനാണെന്ന് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഇയാൾക്കെതിരെ ചുമത്തിയ യുഎപിഎ സെക്ഷൻ 38,39 വകുപ്പുകളും ഐപിസി 120ബി വകുപ്പും തെളിഞ്ഞ സാഹചര്യത്തിലാണ് കോടതിയുടെ വിധി.
റിയാസിനെതിരെ തീവ്രസംഘടനയുടെ ആശയം പ്രചരിപ്പിക്കുക, ഐസിസിൽ ചേർന്ന് പ്രവർത്തിക്കുക, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2019ൽ ചാവേർ ആക്രമണം നടത്താൻ സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. കേരളത്തിൽ നിന്നും അഫ്ഗാനിസ്ഥാനിൽ പോയി ഐസിസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നിർദ്ദേശപ്രകാരമാണ് റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് എൻഐഎ കണ്ടെത്തിയതനുസരിച്ചുളള വിവരം.
റിയാസിന്റെ ഫോണിൽ നിന്നും അബ്ദുൽ റാഷിദിന്റെ ഫോൺ സന്ദേശങ്ങളും ഓഡിയോ ശകലങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖും പിന്നീട് കേസിൽ മാപ്പ് സാക്ഷികളായി. റിയാസിന്റെ ശിക്ഷാ വിധിയിൽ നാളെ വാദം നടക്കും.