കാപ്പാ കേസിലെ പ്രതിയുടെ വയറിലും നെഞ്ചിലും ബ്ലേഡുപയോഗിച്ച് മുറിവുകളുണ്ടാക്കി, സ്വകാര്യഭാഗത്ത് തീക്കനൽ വാരിയിട്ട് പൊളളിച്ചു, മൂന്നംഗ സംഘം പിടിയിൽ

Wednesday 07 February 2024 4:44 PM IST

പത്തനംതിട്ട: കാപ്പാ കേസിലെ പ്രതിയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കണ്ണൂർ ഇരട്ടി കേളകം അടയ്ക്കാത്തോട് മുട്ട് മാറ്റി പടിയക്കണ്ടത്തിൽ ജെറിൽ പി ജോർജിനെയാണ് (25) മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 18നായിരുന്നു സംഭവം.

സംഭവത്തിൽ ഏഴംകുളം നെടുമൺ പറമ്പ് വയൽകാവ് മുതിരവിള പുത്തൻവീട്ടിൽ വിഷ്ണു വിജയൻ, കൊടുമൺ അങ്ങാടിക്കൽ വടക്ക് സുരഭി വീട്ടിൽ കാർത്തിക്, ഏഴംകുളം വയല കുതിരമുക്ക് ഉടയാൻ വിള കിഴക്കേതിൽ ശ്യാം എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.അടൂർ ഇളമണ്ണൂർ മാരൂരിലുള്ള വീട്ടിൽ വച്ചാണ് ജെറിലിനെ സംഘം ക്രൂരമായി ആക്രമിച്ചത്.

പ്രതികൾ ഇയാളുടെ ശരീരത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് വച്ച് ആഴത്തിൽ ഇരുപതോളം മുറിവുകൾ ഉണ്ടാക്കി. സ്വകാര്യഭാഗത്തും തുടകളിലും തീക്കനൽ വാരിയിട്ട് പൊള്ളിച്ചു. കൂടാതെ ശ്യാം എയർ പിസ്റ്റൾ ഉപയോഗിച്ച് ചെവിയിൽ പെല്ലറ്റില്ലാതെ അടിച്ചു. പിന്നീട് പെല്ലറ്റുപയോഗിച്ച് ജെറിലിന്റെ കാലിലും ചെവിയിലും വെടിവച്ചതായും പൊലീസ് പറയുന്നു. പ്രതികൾ കമ്പുപയോഗിച്ച് ഇയാളുടെ ദേഹമാസകലം അടിച്ചിട്ടുണ്ടെന്നും മെഡിക്കൽ സംഘം കണ്ടെത്തി.