ഡൽഹി സമരം കേരളത്തിന്റെ അതിജീവനത്തിന്: മുഖ്യമന്ത്രി

Thursday 08 February 2024 1:17 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഡൽഹി ജന്ദർ മന്ദറിൽ ഇന്ന് നടത്തുന്ന സവിശേഷമായ സമരം ആരെയും തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതപ്പെട്ടത് നേടിയെടുക്കാനാണ്. സമരത്തിന് കക്ഷി രാഷ്ട്രീയത്തിന്റെ നിറമില്ല. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമാണ് ഈ സമരം. കേരളത്തിന്റെ മാത്രമല്ല, പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാനാണെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പ്രളയവും മഹാമാരിയും ആഞ്ഞടിച്ചപ്പോഴും ഉലയാതെ നിന്നു പൊരുതിയ ചരിത്രമാണ് കേരളത്തിന്റേത്. മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് ഒറ്റക്കെട്ടായി ഓരോ പ്രതിസന്ധിയും മറികടന്നു. രാജ്യത്തിനുതന്നെ അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കി. കൂടുതൽ മികവിലേയ്ക്ക് പോകാൻ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം തടസങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. പ്രളയങ്ങളുടെയും മഹാമാരിയുടെയും ഘട്ടങ്ങളിൽ അർഹമായ സഹായം ലഭ്യമാക്കുന്നതിനു പകരം മുഖംതിരിച്ചു. തടസങ്ങൾ സൃഷ്ടിച്ചു. ഈ ഹൃദയശൂന്യതയോടുള്ള പ്രതിഷേധം കൂടിയാണ് ഇന്നത്തെ സമരം.

രാജ്യത്തിന്റെ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കാൻ ശക്തമായ കേന്ദ്രവും ശാക്തീകരിക്കപ്പെട്ട സംസ്ഥാനങ്ങളും അനിവാര്യമാണ്. അതിനായുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഡൽഹിയിലെ സമരം. സഹകരണ ഫെഡറലിസം രാജ്യത്തിന്റെ പ്രഖ്യാപിത ആദർശമാണ്. അതിന്റെ അന്ത:സത്ത ചില കേന്ദ്ര നടപടികളിലൂടെ ചോർന്നുപോയിരിക്കുന്നു. ബി.ജെ.പി നേരിട്ടും സഖ്യമായും ഭരണമുള്ള 17 സംസ്ഥാനങ്ങളോട് ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്നതാണ് സമീപനം.

 കർണാടകത്തിന് പ്രത്യേക നന്ദി

സമരത്തിൽ സഹകരിക്കാത്ത കേരളത്തിലെ കോൺഗ്രസിനെ മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകം പിന്തുണച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കർണാടകയുടെ സമീപനത്തിന് പ്രത്യേക നന്ദിയെന്നും പറഞ്ഞു. സമരത്തോട് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ മനോഭാവം അറിഞ്ഞുവച്ചുകൊണ്ടാണ് കർണാടകം പരസ്യമായി പിന്തുണ നൽകിയത്. അത് കേരളത്തിലെ കോൺഗ്രസിനുള്ള മറുപടി കൂടിയാണ്. സമരം തീരുമാനിക്കുന്നതിന് പ്രതിപക്ഷവുമായാണ് ആദ്യം ആലോചിച്ചത്. എന്നാൽ നിഷേധരൂപത്തിലായിരുന്നു മറുപടി. സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം വരുന്നില്ലെങ്കിൽ അത് സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദം കാരണമായിരിക്കും.

Advertisement
Advertisement