'തകരില്ല കേരളം, തളരില്ല കേരളം', ഡൽഹിയിൽ സമരം തുടങ്ങി; പിന്തുണയുമായി ഡി എം കെ പ്രതിനിധി എത്തിയത് കറുത്ത വസ്ത്രം ധരിച്ച്

Thursday 08 February 2024 11:17 AM IST

ന്യൂഡൽഹി: കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം തുടങ്ങി. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരും സി പി എം കേന്ദ്ര നേതാക്കളുമൊക്കെ സമരവേദിയിലെത്തിയിട്ടുണ്ട്.

സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,​ മുഖ്യമന്ത്രി അടക്കമുള്ളവർ വേദിയിൽ മുൻ നിരയിലുണ്ട്. 'തകരില്ല കേരളം, തളരില്ല കേരളം' എന്ന മുദ്രാവാക്യത്തോടെയാണ് നേതാക്കൾ സമര വേദിയിലെത്തിയത്. കറുത്ത വസ്ത്രം ധരിച്ചാണ് ഡി എം കെ പ്രതിനിധി പഴനിവേല്‍ ത്യാഗരാജന്‍ സമരത്തിൽ പങ്കെടുക്കാനെത്തിയത്. ആം ആദ്മി നേതാക്കളും എത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇതിനിടയിൽ മുഖ്യമന്ത്രിയെ ലീഗ് നേതാവ് അബ്ദുൾ വഹാബ് കേരള ഹൗസിലെത്തി കണ്ടിരുന്നു. സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു കൂടിക്കാഴ്ച. സമരത്തിന് പിന്തുണയില്ലെന്നും മര്യാദ അനുസരിച്ചാണ് കാണാനെത്തിയതെന്നും അബ്ദുൾ വഹാബ് എം പി പറഞ്ഞു. കെ ടി ജലീലിനൊപ്പമാണ് അദ്ദേഹമെത്തിയത്.