ചെന്നെെയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു

Thursday 08 February 2024 2:22 PM IST

ചെന്നെെ: ചെന്നെെയിലെ വിവിധ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ചെന്നെെയിലെ ചില സ്വകാര്യ സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ തിരിച്ച് വീട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇമെയിൽ വഴിയാണ് സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി അയച്ചിരിക്കുന്നത്. എന്നാൽ ഇമെയിലിന്റെ ഉറവിടം ഇത് വരെ കണ്ടെത്താനായിട്ടില്ല.

ഇമെയിൽ ലഭിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും ജീവനക്കാരെയും കുട്ടികളെയും സ്കൂളിൽ നിന്ന് മാറ്റുകയും ചെയ്തു. ബോംബ് സ്വകാഡ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. ഗോപാലപുരം, ജെ ജെ നഗർ, ആർ എ പുരം, അണ്ണാനഗർ എന്നിവിടങ്ങളിലെ സ്വകാര്യ സ്കൂളുകളിലേക്കാണ് ഭീഷണി എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.