തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി നിർവഹണം.... നൂറെത്തിക്കാൻ ഓടടാ ഓട്ടം !

Friday 09 February 2024 1:46 AM IST

കോട്ടയം : സാമ്പത്തിക വർഷം അവസാനിക്കാറായതോടെ പദ്ധതി നിർവഹണം, നികുതി പിരിവ് എന്നിങ്ങനെയുള്ള ജോലികളുടെ ഓട്ടത്തിലാണ് തദ്ദേശസ്ഥാപനങ്ങൾ. എന്നാൽ ഒന്നും ലക്ഷ്യത്തിലെത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രവർത്തനം വേഗത്തിലാക്കണമെന്നാണ് നിർദ്ദേശം.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം പൂർത്തിയാകാൻ ഒന്നരമാസം ശേഷിക്കെ ജില്ല ഇതുവരെ ചെലവഴിച്ചത് 37.58 ശതമാനം തുക മാത്രം. മാർച്ച് 31 നകം നൂറു ശതമാനത്തിലെത്തണം. സംസ്ഥാന തലത്തിൽ ജില്ലയ്ക്ക് ഏഴാം സ്ഥാനമാണ്. രണ്ട് പഞ്ചായത്തുകൾ മാത്രമാണ് 50 ശതമാനം തുക ചെലവഴിച്ചത്. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോകുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും പ്രതിസന്ധിയ്ക്ക് കാരണമാകുന്നു.

50 ശതമാനം ചെലവഴിച്ചത് 2 പഞ്ചായത്ത്

ജില്ലയിലെ 71 പഞ്ചായത്തുകളിൽ മരങ്ങാട്ടുപിള്ളി, വെളിയന്നൂർ, പഞ്ചായത്തുകൾ മാത്രമാണ് 50 ശതമാന തുക ചെലവഴിച്ചത്. നഗരസഭകളെല്ലാം വളരെ പിന്നിലാണ്. 39 % ചെലവഴിച്ച പാലാ നഗരസഭ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട നിലയിൽ. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത നേടാനുള്ള അവസരമായി നികുതിപിരിവിനെ കാണണമെന്നാണ് സർക്കാർ നിർദ്ദേശം. വാർഡ് മെമ്പറും ഉദ്യോഗസ്ഥരും വീടുകളിലെത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പിരിവ് ഊർജിതമാക്കാനും നിർദ്ദേശിച്ചിരുന്നു. നാലു മാസത്തോളമായി നികുതി പിരിവ് ക്യാമ്പുകൾ ഉൾപ്പെടെ പഞ്ചായത്തുകൾ വ്യാപകമാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല.

നികുതി പിരിവ് 30.18% മാത്രം

ആകെ നികുതി : 153.76 കോടി

ഇതുവരെ പിരിച്ചത് : 46.42 കോടി

ഇനി പിരിക്കാനുള്ളത് : 107.34 കോടി

 ജില്ലയിലെ പഞ്ചായത്തുകൾ 71

Advertisement
Advertisement