മോദി ഒ.ബി.സിക്കാരനല്ലെന്ന് രാഹുൽ,​ ആണെന്ന് സർക്കാർ

Friday 09 February 2024 12:26 AM IST

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒ.ബി.സി വിഭാഗത്തിൽ ജനിച്ച വ്യക്തിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. സ്വയം ഒ.ബി.സി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് പറഞ്ഞ് അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഒഡീഷയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ജനിച്ചത് ജനറൽ സമുദായത്തിലാണ്. അദ്ദേഹം തെലി സമുദായാംഗമാണ്. 2000ൽ ബി.ജെ.പി ഗുജറാത്ത് ഭരിച്ചപ്പോഴാണ് തെലി സമുദായത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. മോദി ജനനം കൊണ്ട് ഒ.ബി.സിക്കാരനല്ല. ഒ.ബി.സി വിഭാഗത്തിലുള്ളവരുമായി മോദി ഹസ്തദാനം ചെയ്യാറില്ലെന്നു കുറ്റപ്പെടുത്തിയ രാഹുൽ അദ്ദേഹത്തിനു കോടിപതികളെ ആലിംഗനം ചെയ്യാൻ മടിയില്ലെന്നും പരിഹസിച്ചു. യാത്ര ഇന്നലെ ഉച്ചയോടെ ഒഡീഷയിൽ നിന്ന് ഛണ്ഡീഗറിൽ പ്രവേശിച്ചു.

അതേസമയം,​ രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ജാതിയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിലെ വസ്തുതകൾ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ കുറുപ്പിലാണ് സർക്കാരിന്റെ മറുപടി. ഗുജറാത്ത് സർക്കാരിന്റെ പട്ടികയിൽ മോദി ഉൾപ്പെടുന്ന ഗ്രൂപ്പാണ് മോദ് ഗഞ്ചി ജാതിയെന്ന് സർക്കാർ പറഞ്ഞു. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഇവർ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവരാണെന്നും കുറുപ്പിൽ വ്യക്തമാക്കുന്നു.

രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പിയും രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ നിലവാരം ഇത്രയധികം താഴ്ന്നോ എന്ന് മുതിർന്ന ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ചോദിച്ചു.

Advertisement
Advertisement