കേന്ദ്ര അവഗണന: താക്കീതായി കേരളസമരം,​ ഒപ്പം ചേർന്ന് ഡൽഹി,​പഞ്ചാബ്,​ തമിഴ്നാട്

Friday 09 February 2024 12:00 AM IST

 മുഴങ്ങിയത് യോജിപ്പിന്റെ സ്വരം: മുഖ്യമന്ത്രി

ന്യൂഡൽഹി: ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രത്തിന് ശക്തമായ താക്കീതായി എൽ.ഡി.എഫ് സർക്കാരിന്റെ ഡൽഹി സമരം. ജന്തർമന്ദറിലെ സമരത്തിന് പിന്തുണയുമായി സമാന അവഗണനയും ഗവർണർ പോരും നേരിടുന്ന പഞ്ചാബ്, ഡൽഹി, തമിഴ്നാട് സർക്കാരുകളുമെത്തി.

അതേസമയം,​ കേരളത്തിൽ പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസ്, 'ഇന്ത്യ' മുന്നണിയിലെ സമാജ്‌വാദി, ആർ.ജെ.ഡി, തൃണമൂൽ പാർട്ടി പ്രതിനിധികൾ പങ്കെടുത്തില്ല.

അർഹതപ്പെട്ട സഹായം നൽകാതെ കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തെ അപായപ്പെടുത്തുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്പത്തിക ഞെരുക്കമുൾപ്പെടെ നേരിട്ടും അല്ലാതെയും പലതവണ ബോധിപ്പിച്ചിട്ടും പരിഹാരം കാണാതെ വന്നപ്പോഴാണ് ഡൽഹി സമരം വേണ്ടിവന്നത്. കർണാടകവും തമിഴ്നാടും ഡൽഹിയും പഞ്ചാബും സമാന അവഗണനയിലാണ്. കേരള മാതൃകയിൽ കർണാടകവും പ്രതിഷേധിച്ചു. ഒന്നിച്ചുള്ള പ്രതിഷേധം രാജ്യത്തിന്റെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടേത് വിഘടനനീക്കമെന്ന പ്രധാനമന്ത്രിയുടെ ആരോപണം മുഖ്യമന്ത്രി തള്ളി.

ഇന്നലെ രാവിലെ 10.45ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ഇടത്

എം.എൽ.എമാരും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, പി.ബി അംഗം എം.എ. ബേബി തുടങ്ങിയ നേതാക്കളും കേരളാഹൗസിൽ നിന്ന് പ്രകടനമായാണ് 150 മീറ്റർ അകലെയുള്ള ജന്തർമന്ദറിലെ വേദിയിൽ എത്തിയത്.

അണിചേർന്ന പ്രമുഖർ: ആംആദ്‌മി പാർട്ടി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ, നാഷണൽ കോൺഫറൻസ് നേതാവും ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്‌ദുള്ള, മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, ഡി.എം.കെ പ്രതിനിധികളായ തിരുച്ചി ശിവ എം.പി, തമിഴ്നാട് മന്ത്രി പഴനിവേൽ ത്യാഗരാജൻ, തമിഴ്നാട്ടിലെ വി.സി.കെ പാർട്ടി അദ്ധ്യക്ഷൻ തിരുമാവലൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ.

കേരളത്തിന്റെ മുന്നേറ്റം

തടയുന്നു: പിണറായി

 കേന്ദ്രം സഹായം വെട്ടിക്കുറച്ചത് വികസന-ക്ഷേമ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. വിവിധ മേഖലകളിൽ സംസ്ഥാനം കാഴ്‌ചവയ്‌ക്കുന്ന മുന്നേറ്റത്തെ തടയാനാണ് ശ്രമം

പ്രളയ രക്ഷാപ്രവർത്തനത്തിനും ഭക്ഷ്യധാന്യ വിതരണത്തിനും പണം പിടിച്ചുവാങ്ങി മനുഷ്യത്വ രഹിത സമീപനം കാട്ടി. വിദേശ സഹായം തടഞ്ഞു. ഇടക്കാല ബഡ്‌ജറ്റിലും കേരളത്തെ തഴഞ്ഞു

സംസ്ഥാനത്തിനെതിരെ നിൽക്കുന്ന ഗവർണർ സദാ സമയവും കേരളത്തിന് പുറത്താണ്. ഇപ്പോൾ കേരളാ ഹൗസിലുണ്ട്. സമരത്തിന് പിന്തുണ നൽകാൻ വന്നതാണോ എന്ന് ചിലർ ചോദിച്ചു

എന്നെയും പിണറായിയെയും

ജയിലിലടച്ചേക്കാം: കേജ്‌രിവാൾ

പ്രതിപക്ഷ സംസ്ഥാനങ്ങളിലെ 70 കോടി ജനങ്ങളെ പാകിസ്ഥാനികളെപ്പോലെയാണ് കേന്ദ്രം കാണുന്നതെന്ന് അരവിന്ദ് കേജ്‌രിവാൾ

 ഇ.ഡിയാണ് ഇപ്പോൾ ബി.ജെ.പിക്ക് ആയുധം. ഇ.ഡിയെ വച്ച് പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച ശേഷമാണ് കേസുപോലും എടുക്കുന്നത്

 നാളെ അവർ എന്നെയും പിണറായിയെയും സ്റ്റാലിനെയും സിദ്ധരാമയ്യയെയും ജയിലിലടച്ചേക്കാം. സർക്കാരിനെ അട്ടിമറിച്ചേക്കാം

 സ്വന്തം കുടുംബത്തിനു വേണ്ടിയല്ല പിണറായിയുടെ സമരം. നാടിന്റെ വികസനത്തിനു വേണ്ടിയാണ്. അവകാശം ഭിക്ഷയല്ല

സ്റ്റാലിന്റെ വീഡിയോ

സന്ദേശം

കേന്ദ്രസർക്കാരിനെ ആക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു