ശിവസേനാ നേതാവിന്റെ മകനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്നു,​ പിന്നാലെ അക്രമി ജീവനൊടുക്കി

Thursday 08 February 2024 10:58 PM IST

മുംബയ് :ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനോദ് ഘോഷാൽക്കറുടെ മകൻ അഭിഷേക് ഘോഷാൽക്കറെ ഫേസ്‌ബുക്ക് ലൈവിനിടെ വെടിവച്ചുകൊന്നു. അതിന് ശേഷം അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു. വ്യാഴാഴ്ച രാത്രി മുംബയിലെ ദഹിസാറിലാണ് സംഭവം. അഭിഷേകിനൊപ്പം ഫേസ്‌ബുക്ക് ലൈവിലുണ്ടായിരുന്ന ആളാണ് വെടിവച്ചത്. പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ശിവസേന ഉദ്ധവ് വിഭാഗം മുൻ കൗൺസിലറാണ് വിനോദ് ഘോഷാൽക്കർ‌. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

മൗറിസ് ഭായി എന്നയാളാണ് വെടിവച്ചതെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഓഫീസിൽ വച്ചാണ് സംഭവം. മൗറിസ് ഭായിയും ഇയാളും തമ്മിലുള്ള പ്രശ്നങ്ങൾ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടർന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫീലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവം മുഴുവൻ ഫേസ്‌ബുക്കിൽ ലൈവായി പോയിരുന്നു.