സ്കാനിംഗില്ല, പരിശോധനയും : പാഴ്സലായി അന്യരാജ്യങ്ങളിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നും

Friday 09 February 2024 12:52 AM IST

തൃശൂർ: പരിശോധനകളില്ലാതെ, അന്യരാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ലഹരി നിറച്ച പാഴ്‌സലുകളിലേറെയും എം.ഡി.എം.എ അടക്കമുള്ള മാരക ലഹരിവസ്തുക്കൾ. അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് അടക്കമുള്ളവയുമെത്തും. കൊച്ചിയിലെ ഇന്റർനാഷണൽ പോസ്റ്റ് ഓഫീസ് വഴി കേരളത്തിൽ പലയിടങ്ങളിലേക്കും രാസ ലഹരി വസ്തുക്കളെത്തുന്നുണ്ടെന്നാണ് വിവരം.
പാഴ്‌സലുകൾ സ്‌കാൻ ചെയ്യാൻ തപാൽ വകുപ്പിന് സംവിധാനമില്ലാത്തതിനാൽ ഇത് തടയാനാകില്ലെന്നാണ് എക്‌സൈസ് പറയുന്നത്. സാധാരണ സ്‌കാനിംഗിൽ ഇത്തരം മയക്കുമരുന്ന് കണ്ടെത്താനാകില്ല. കഴിഞ്ഞദിവസം മേഘാലയയിലെ ഷില്ലോംഗിൽ നിന്ന് തപാൽ മാർഗമെത്തിച്ച 4.70 കിലോ കഞ്ചാവ് പോസ്റ്റ് ഓഫീസിൽ നിന്ന് ഒപ്പിട്ട് കൈപ്പറ്റുന്നതിനിടെ തൃശൂരിലെ ജിംനേഷ്യം പരിശീലകൻ അറസ്റ്റിലായിരുന്നു.

ജിം ഉടമ വിഷ്ണു ഗുവാഹത്തിയിൽ നിന്ന് തപാൽ മാർഗമെത്തിച്ച കഞ്ചാവുമായി പിടിക്കപ്പെട്ടിരുന്നു. തുടർന്ന് കസ്റ്റംസ് നിരീക്ഷണം സജീവമാക്കി. ജാമ്യം നേടി വിഷ്ണു പുറത്തിറങ്ങിയതിന് പിന്നാലെ കഞ്ചാവ് കടത്ത് വീണ്ടും തുടങ്ങി. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. കഴിഞ്ഞവർഷം ജർമനിയിൽ നിന്നും പോസ്റ്റൽ വഴിയെത്തിച്ച 40 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവതിയെ ബംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു.

വ്യാജവിലാസം വഴി...

വ്യാജവിലാസങ്ങളിൽ നിന്നാണ് മയക്കുമരുന്ന് കയറ്റിവിടുക. പാഴ്‌സൽ ഏറ്റുവാങ്ങേണ്ട വ്യക്തിയും ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിൽ വ്യാജവിലാസം ചമച്ചാണ് പാഴ്‌സൽ ഒപ്പിട്ടു വാങ്ങുക. ഡാർക്ക് സൈറ്റ് വഴിയാണ് പണം അടയ്ക്കുന്നതും മറ്റ് ഇടപാടുകളും. അതുകൊണ്ട് യഥാർത്ഥ കുറ്റവാളിയെ പിടികൂടാനാകില്ല. മുൻപ് കണ്ണൂരിൽ എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടിയ സംഭവത്തിൽ ഡാർക് വെബ്‌സൈറ്റിൽ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്‌കോയിൻ കൈമാറ്റം വഴിയാണ് ഇവയെത്തിച്ചത്. ചോക്‌ലേറ്റുകൾ, സ്‌പോർട്‌സ് ഉപകരണങ്ങൾ, സൗന്ദര്യ സംരക്ഷണ വസ്തുക്കൾ എന്നിവയുൾപ്പെട്ട പാഴ്‌സലുകളിൽ ഒളിപ്പിച്ച നിലയിലും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.

സർവീസ് കൂടി, വിദേശ ബന്ധവും

ഓൺലൈൻ മാർക്കറ്റിംഗിനിടെ പാഴ്‌സൽ സർവീസ് കൂടിയത് അന്വഷണത്തിന് തിരിച്ചടി
ലഹരിവസ്തുക്കൾ കയറ്റി അയക്കുന്ന വടക്കുകിഴക്കൻ സംസ്ഥാന മാഫിയകൾക്ക് വിദേശബന്ധവും

പാഴ്‌സൽ സർവീസുകളുമായി മയക്കുമരുന്ന് മാഫിയകൾക്ക് ബന്ധമുള്ളതായും സൂചനകളേറെ
ചില ചലച്ചിത്രതാരങ്ങൾ പോലും ഉപഭോക്താക്കളായതോടെ സിന്തറ്റിക് ലഹരിക്ക് ഡിമാൻഡേറി

പാഴ്‌സലുകളിൽ മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നത് തടയാൻ ആധുനിക സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്.

എസ്.ഷാനവാസ്
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ.

Advertisement
Advertisement