ഉത്തരാഖണ്ഡിലെ സംഘർഷത്തിൽ നാല് മരണം; 250 പേർക്ക് പരിക്ക്, മദ്രസ പൊളിച്ചതിൽ വിശദീകരണവുമായി സർക്കാർ

Friday 09 February 2024 10:03 AM IST

ഹൽദ്‌വാനി: ഉത്തരാഖണ്ഡിലെ നൈ​നി​റ്റാ​ൾ​ ​ജി​ല്ല​യി​ലെ ഹൽദ്‌വാനിയിൽ അ​ന​ധി​കൃ​ത​മാ​യി​ ​നി​ർ​മ്മി​ച്ച​ ​മ​ദ്ര​സ​യും​ അതിനോട് ചേർന്നുള്ള ​മ​സ്ജി​ദ് ​കെ​ട്ടി​ട​വും​ ​ത​ക​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്നുണ്ടായ സംഘർഷത്തിൽ നാലുപേർ മരിച്ചു. 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് നഗരത്തിൽ കർഫ്യൂ തുടരുന്നു. അക്രമികളെ വെടിവയ്‌ക്കാൻ സർക്കാർ നിർദേശം നൽകി. ഇന്റർനെറ്റ് അടക്കം നിരോധിച്ചിട്ടുണ്ട്.

കോടതി ഉത്തരവിനെത്തുടർന്ന് ഹൽദ്‌വാനി മുൻസിപ്പിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷന് സമീപം അനധികൃതമായി നിർമ്മിച്ചിരുന്ന മദ്രസ പൊളിച്ചത്. എന്നാൽ ഇതിന് പിന്നാലെ സമീപത്ത് താമസിക്കുന്നവർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾ ജനങ്ങൾ കത്തിച്ചു. പിന്നാലെ ജനക്കൂട്ടവും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ വളഞ്ഞത്തോടെ പ്രദേശിക ജനപ്രതിനിധികളും മാദ്ധ്യമപ്രവർത്തകരും അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും മുനിസിപ്പൽ തൊഴിലാളികളും സ്റ്റേഷനുള്ളിൽ കുടുങ്ങി.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഏറ്റുമുട്ടലിൽ 50 ഓളം പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസ കോടതി ഉത്തരവിനെത്തുടർന്നാണ് പൊളിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് പ്രഹ്‌ലാദ് മീണ പറഞ്ഞു. ഉദ്യോഗസ്ഥർക്കും മാദ്ധ്യമപ്രവർത്തകർക്കും പൊലീസിനുനേരെ ജനക്കൂട്ടം കല്ലെറിഞ്ഞു.

നിരവധി വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. മദ്രസ തകർത്തതിന് പിന്നാലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവാർ ബാരിക്കേഡുകൾ തകർത്ത് പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി കൂടുതൽ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് കടകളും സ്‌കൂളുകളും അടച്ചിട്ടിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്രസ പൊളിച്ചതിൽ വിശദീകരണവുമായി നൈനി​റ്റാൾ ജില്ലാഭരണകൂടം രംഗത്തെത്തി. ആരെയും ലക്ഷ്യം വച്ചുള്ള നടപടിയല്ലെന്ന് ജില്ലാമജിസ്‌ട്റേ​റ്റ് അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വർഗീയ സംഘർഷമായി ചിത്രീകരിക്കരുതെന്നും സർക്കാർ വ്യക്തമാക്കി.

മദ്രസ പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഉത്തരാഖണ്ഡ് ഹെെക്കോടതി ഇന്നലെ വാദം കേട്ടിരുന്നുവെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല. പിന്നാലെയാണ് മദ്രസ പൊളിച്ചത്. ഫെബ്രുവരി 14ന് കേസ് വീണ്ടും പരിഗണിക്കും.

Advertisement
Advertisement