'ബസിനകത്ത്  അങ്ങോട്ടും  ഇങ്ങോട്ടും  മാറ്റി നിർത്തി'; തർക്കത്തിനിടെ വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചെന്ന് പരാതി

Friday 09 February 2024 10:48 AM IST

കാക്കനാട്: തർക്കത്തിനിടെ സ്വകാര്യ ബസിലെ കണ്ടക്‌ടർ വിദ്യാർത്ഥിയെ കടിച്ചതായി പരാതി. ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കങ്ങരപ്പടി സ്വദേശി വി ജെ കൃഷ്‌ണജിത്തിനാണ് പരിക്കേറ്റത്. നെഞ്ചിൽ കടിയേറ്റ കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥിയുടെ നെഞ്ചിൽ രണ്ടു പല്ലുകളിൽ നിന്നേറ്റതിന് സമാനമായ മുറിവുണ്ട്. സംഭവത്തിൽ പൊലീസിനും ബാലാവകാശ കമ്മിഷനും മോട്ടർ വാഹന വകുപ്പിനും പരാതി നൽകി.

ഇന്നലെ വെെകിട്ട് കങ്ങരപ്പടി റൂട്ടിലെ 'മദീന' ബസിലെ കണ്ടക്‌ടറാണ് കടിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇടപ്പള്ളിയിൽ നിന്ന് ബസിൽ കയറിയ തന്നോട് മോശമായി പെരുമാറിയെന്നും മുഖത്ത് അടിച്ചെന്നും കുട്ടി പരാതിയിൽ പറയുന്നു. ബസിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പലതവണ മാറ്റി നിർത്തി.

ഇവിടെ നിന്നാൽ പോരേ എന്ന് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടർന്ന് കണ്ടക്ടർ കുട്ടിയോട് തർക്കിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ജഡ്ജിമുക്ക് ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് വിവരം.