പാകിസ്ഥാൻ തിരഞ്ഞെടുപ്പ്; നവാസ് ഷെരീഫ് വിജയിച്ചു, 55,000  വോട്ടുകളുടെ  ഭൂരിപക്ഷം

Friday 09 February 2024 12:13 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻപ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലീം ലീഗ് (പിഎംഎൽ- എൻ) നേതാവുമായ നവാസ് ഷെരീഫ് ലാഹോറിൽ വിജയിച്ചു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഷെരീഫ് വിജയിച്ചെന്നാണ് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം.

266 സീ​റ്റുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ 13 സീ​റ്റുകളിലെ വിജയികളുടെ വിവരങ്ങളാണ് ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പിന്തുണയോടെ മത്സരിച്ച അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഇതുവരെ വിജയിച്ച സ്ഥാനാർത്ഥികളുടെ കൂട്ടത്തിലുണ്ട്. ബാക്കി നാല് പേർ പിഎംഎൽ- എൻ പാർട്ടി സ്ഥാനാർത്ഥികളാണ്.

47 സീറ്റുകളിൽ പിടിഐ സ്വതന്ത്രർ മുന്നിലാണെന്നും പിഎംഎൽ- എൻ 44 സീറ്റുകളിൽ ലീഡ് ചെയ്യുന്നെന്നും അവകാശവാദങ്ങൾ കഴിഞ്ഞ ദിവസം തന്നെ പാകിസ്ഥാനിൽ ഉയർന്നിരുന്നു. സ്വന്തം ചിഹ്നമായ ക്രിക്കറ്റ് ബാറ്റിൽ മത്സരിക്കാൻ ഇലക്ഷൻ കമ്മിഷൻ അനുമതി നിഷേധിച്ചതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് പിടിഐ അംഗങ്ങൾ മത്സരിച്ചത്. ബി​ലാ​വ​ൽ​ ​ഭൂ​ട്ടോ​ ​സ​ർ​ദ്ദാ​രി​യുടെ പാ​കി​സ്ഥാ​ൻ​ ​പീ​പ്പി​ൾ​സ് ​പാ​ർ​ട്ടിയും (പിപിപി) മുൻനിരയിലുണ്ട്. 336 അംഗ നാഷണൽ അസംബ്ലിയിലെ 266 സീറ്റുകളിലേക്കും നാ​ല് ​പ്ര​വി​ശ്യാ​ ​അ​സം​ബ്ലി​കളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 169 സീറ്റാണ് നാഷണൽ അസംബ്ലിയിലെ കേവല ഭൂരിപക്ഷം.