16 മരണങ്ങളും നൂറ്കണക്കിനാളുകള്‍ക്ക് പരിക്കും; പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് ഫലം വൈകുന്നതിന് കാരണമെന്ത്?

Friday 09 February 2024 7:07 PM IST

ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാകിസ്ഥാനില്‍ ആരാണ് വിജയിയെന്ന് നിര്‍ണയിക്കാന്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് രാവിലെയോടെ അന്തിമ ഫലം വരേണ്ട രാജ്യത്ത് നാലിലൊന്ന് വോട്ട് മാത്രമാണ് ഇതുവരെ എണ്ണിയിട്ടുള്ളത്. ഫലപ്രഖ്യാപനം വൈകുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത പോലും രാജ്യത്ത് ചോദ്യം ചെയ്യപ്പെടുകയാണ്.

പാകിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് അനുസരിച്ച് ഇന്റര്‍നെറ്റിന്റെ ലഭ്യത കുറവാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണം. പോളിംഗ് ഓഫീസര്‍മാരോട് ഫലം എത്രയും വേഗം പുറത്തുവിടാന്‍ വേണ്ടുന്ന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷനിലെ സ്‌പെഷ്യല്‍ സെക്രട്ടറി സഫര്‍ ഇഖ്ബാല്‍ പറഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റ് സംബന്ധിച്ച പ്രശ്‌നം വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ദിവസം പാകിസ്ഥാനില്‍ 16പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമം വ്യാപകമായ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് ഉള്‍പ്പെടെ കര്‍ശനമാക്കി ഉത്തരവിറക്കുകയും ചെയ്തു. ഇന്ന് രാവിലെ പുറത്തിറക്കിയ കുറിപ്പില്‍ ഇന്റര്‍നെറ്റ് ലഭ്യതയിലെ പ്രശ്‌നങ്ങളാണ് ഫലം വൈകാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കോ അദ്ദേഹത്തിനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ സ്വതന്ത്രരായാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതുവരെ പുറത്ത് വന്ന ഫലങ്ങളില്‍ ഇമ്രാന്റെ അനുയായികളാണ് മുന്നില്‍.

ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 134 സീറ്റുകളാണ് വേണ്ടത്. ഫലം പുറത്ത് വന്നതില്‍ ഇമ്രാന്‍ അനുകൂലികള്‍ക്ക് 46 സീറ്റും നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് 38 സീറ്റും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 31 സീറ്റും ലഭിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ വൈകുന്ന പതിവ് പാകിസ്ഥാനില്‍ ഇല്ല.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് തിരഞ്ഞെടുപ്പ് ഫലം വൈകുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടക്കാനുള്ള സാദ്ധ്യതയാണ് അന്തിമ ഫലം വൈകുന്നതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന അഭിപ്രായം പാകിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.