ബറോസിന്റെ അവസാനഘട്ട മിനുക്കുപണിയിൽ മോഹൻലാൽ,​ ഹോളിവുഡ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് സൂപ്പർതാരം

Friday 09 February 2024 7:46 PM IST

ഹോളിവുഡിലെ സോണി സ്റ്റുഡിയോയിൽ ബറോസിന്റെ അവസാനഘട്ട മിനുക്കുപണിയിൽ ഏർപ്പെട്ട് മോഹൻലാൽ. സ്റ്റുഡിയോയിൽ ന്നിനുള്ള ചിത്രം പങ്കുവച്ചാണ് ബറോസിന്റെ ഏറ്റവും പുതിയ അപഡേറ്റ് മോഹൻലാൽ പങ്കുവച്ചത്.സൂപ്പർതാരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.

ഹോളിവുഡിലെ സോണി സ്റ്റുഡിയോയിൽ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം ബറോസിന്റെ സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന മിനുക്ക് പണികൾക്ക് വേണ്ടി ബറോസ് കാണുന്നു. മോഹൻലാൽ കുറിച്ചു.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ബറോസിന്റെ ഓരോ അപഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സിനിമയുടെ റീ റെക്കോർഡിംഗിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലോസാഞ്ചലസിൽ പൂർത്തിയായിരുന്നു. ബറോസിന്റെ സ്‌പെഷ്യൽ എഫക്ട്സ് ഇന്ത്യയിലും തായ്‌ലാൻഡിലുമാണ് ചെയ്യുന്നത്.

ഫാന്റസി ചിത്രമായി ഒരുക്കുന്ന ബറോസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസിന്റെ കഥയിൽ ഒരുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. വാസ്കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവൽക്കാരനായ ബറോസ് 400 വർഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാർഥ അവകാശിക്ക് കൈമാറാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്‌പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലെയും അഭിനേതാക്കൾ സിനിമയുടെ ഭാഗമാകും.