'നിങ്ങളെയെല്ലാം ഞാന്‍ ശിക്ഷിക്കാന്‍ പോകുകയാണ്, എല്ലാവരും എന്റെ കൂടി വരിക'; എംപിമാരുമായി മോദി പോയത് എങ്ങോട്ട്? 

Friday 09 February 2024 8:20 PM IST

ന്യൂഡല്‍ഹി: പാര്‌ലമെന്റിലെ തന്റെ സഹപ്രവര്‍ത്തകരായ എംപിമാരെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.'നിങ്ങളെയെല്ലാം ഞാന്‍ ശിക്ഷിക്കാന്‍ പോകുകയാണ്, എല്ലാവരും എന്റെ കൂടി വരിക' എന്ന് പറഞ്ഞ ശേഷം തനിക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ എംപിമാരെ അദ്ദേഹം കൂട്ടിക്കൊണ്ട് പോയി. എംപിമാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞുമാണ് പ്രധാനമന്ത്രി സമയം ചിലവിട്ടത്.

ചോറ്, പരിപ്പ് ലഡ്ഡു തുടങ്ങിയവ ഉള്‍പ്പെടുത്തി വെജിറ്റേറിയന്‍ ഭക്ഷണമാണ് വിളമ്പിയത്. ഏകദേശം 45 മിനിറ്റോളമാണ് ഭക്ഷണം കഴിച്ചും വിശേഷം പങ്കുവെച്ചും എംപിമാരൊടൊപ്പം പ്രധാനമന്ത്രി സമയം ചിലവഴിച്ചത്. വിവിധ കക്ഷികളില്‍ നിന്നുള്ള എംപിമാര്‍ ഉച്ചഭക്ഷണ പരിപാടിയില്‍ പങ്കെടുത്തു.

ടിഡിപി എംപി റാം മോഹന്‍ നായിഡു, ബിഎസ്പി എംപി റിതേഷ് പാണ്ഡേ, ലഡാക്കിലെ ബിജെപി എംപി ജാംയാങ് നംഗ്യാല്‍, കേന്ദ്ര മന്ത്രി എല്‍ മുരുഗന്‍, ബിജെഡി അംഗം സാമ്പിത്ത് പത്ര, മഹാരാഷ്ട്രയില്‍ നിന്നുള്ള ഹീന ഗവിത് തുടങ്ങിയവരും കേരളത്തില്‍ നിന്ന് എന്‍. കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ ജീവിതചര്യ, എപ്പോഴാണ് ഉറക്കം ഉണരുന്നത്, എങ്ങനെയാണ് ഇത്രയും തിരക്കുള്ള പരിപാടികള്‍ ക്രമീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ എംപിമാര്‍ ചോദിച്ചു. തങ്ങള്‍ ഒരു പ്രധാനമന്ത്രിക്ക് ഒപ്പമാണ് ഇരിക്കുന്നതെന്ന് പോലും തോന്നത്ത അത്ര ലളിതമായിട്ടാണ് നരേന്ദ്ര മോദി പെരുമാറിയതെന്നും അംഗങ്ങള്‍ പറയുന്നു.

പാകിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതും അബുദാബിയില്‍ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതും തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരുമായി പങ്കുവെച്ചു.